മുക്കുപണ്ടം തട്ടിപ്പിന് വ്യാജ ആധാർ കാർഡ്: പ്രതി പിടിയിൽ
1226964
Sunday, October 2, 2022 10:52 PM IST
കരിമണ്ണൂർ: വ്യാജ ആധാർ കാർഡ് നിർമിച്ചു നൽകിയിരുന്ന പ്രതി പിടിയിലായി. ഉടുന്പന്നൂർ പാറേക്കവല മനയ്ക്കമാലിയിൽ അർഷൽ (33) ആണ് അറസ്റ്റിലായത്. കൊല്ലം കരുനാഗപ്പള്ളി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് പുറമെ വാത്തിക്കുടി പെരുംതോട്ടിൽ കപ്യാ ർകുന്നേൽ സുനിഷ് (28), മണിയാറൻകുടി പടിഞ്ഞാറെക്കര ബൈജേഷ് (22), കട്ടപ്പന കൊച്ചുതോവാള കാട്ടുകുടിയിൽ സുഭാഷ് (50) എന്നിവരും പിടിയിലായി. മുക്കുപണ്ടം പണയംവച്ച് പണം തട്ടുന്ന സംഘത്തിനാണ് വ്യാജ ആധാർ കാർഡ് നിർമിച്ചുനൽകിയിരുന്നത്. കൂടാതെ മുക്കുപണ്ടം പണയം വയ്ക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം കൊല്ലം വള്ളിക്കാവിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് 3,71,000 രൂപ തട്ടിയെടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് പണയസ്വർണം വ്യാജമാണെന്ന് സ്ഥാപനമുടമ തിരിച്ചറിഞ്ഞത്. ഇതോടെ ഉടമ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് സംഘത്തിൽപ്പെട്ട നിഷാദിനെ ആദ്യം അറസ്റ്റ് ചെയ്തു. ഇയാളിൽനിന്നാണ് വ്യാജ ആധാർ കാർഡ് നിർമിച്ചുനൽകിയത് അർഷൽ ആണെന്ന് മനസിലാകുന്നത്.
മുക്കുപണ്ടം പണയം വയ്ക്കുന്ന സംഘത്തിനാണ് പ്രതി മുഖ്യമായും വ്യാജ ആധാർ കാർഡ് നിർമിച്ച് നൽകിയിരുന്നതെന്നാണ് സൂചന. വെള്ളി ഉൾപ്പെടെയുള്ള ലോഹത്തിൽ സ്വർണം പൂശി 916 മാർക്കും രേഖപ്പെടുത്തിയായിരുന്നു തട്ടിപ്പ്. ഉരച്ചുനോക്കിയാൽപോലും കൃത്രിമം തിരിച്ചറിയാൻ കഴിയാത്ത വിധത്തിലായിരുന്നു ഇവരുടെ മുക്കുപണ്ട നിർമാണം.
സ്ത്രീകൾ ജീവനക്കാരായുള്ള സ്ഥാപനങ്ങളിലാണ് കൂടുതലും തട്ടിപ്പ് നടത്തുന്നത്. ഇയാളെ കൂടാതെ കൂടുതൽപേർ വ്യാജ കാർഡ് നിർമാണത്തിനു പിന്നിൽ ഉണ്ടോയെന്നും പോലിസ് അന്വേഷിക്കുന്നുണ്ട്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഇത്തരം വ്യാജ ആധാർ കാർഡുകൾ ഉപയോഗപ്പെടുത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കാനുള്ള തയാറെടുപ്പിലാണ് പോലീസ്. ഇടുക്കി കൂടാതെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും സംഘം തട്ടിപ്പ് നടത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. നിലവിൽ 50 ഓളം കേസുകളിൽ പ്രതിയാണ് വ്യാജ ആധാർ കാർഡ് നിർമിച്ച അർഷൽ.
ഇയാൾക്കെതിരെ ഇയാൾ താമസിക്കുന്ന കരിമണ്ണൂർ സ്റ്റേഷൻ പരിധിയിൽ അടിപിടിക്കേസിനും പൊതുജന ശല്യത്തിനും കേസുണ്ടെന്ന് പോലീസ് പറഞ്ഞു.