ദീപിക കർഷകരുടെയും ഇടുക്കിയുടെയും പക്ഷത്ത് എക്കാലവും നിലനിൽക്കും: ഫാ. മാത്യു ചന്ദ്രൻകുന്നേൽ
1226969
Sunday, October 2, 2022 10:56 PM IST
കട്ടപ്പന: ഇടുക്കി പിന്നാക്ക ജില്ലയല്ലെന്നും ജിഡിപിയിൽ ഇടുക്കി ഏഴാം സ്ഥാനത്താണെന്നും രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ. ഇടുക്കി ജില്ലയുടെ സുവർണ ജൂബിലി ആഘോഷത്തിന്റെയും എക്സലൻസ് അവാർഡ് സമർപ്പണത്തിന്റെയും യോഗത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദീപിക ഇടുക്കിയുടെയും കർഷകരുടെയും പക്ഷത്താണെന്നും തുടർന്നും ആ പക്ഷം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സ്പർധയും വിദ്വേഷവും വിഭാഗീയതയും ഇല്ലാത്ത സമൂഹത്തിനു വേണ്ടിയാണ് ദീപിക നിലകൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർ പുന്നക്കോട്ടിലിനും
മാർ അറയ്ക്കലിനും
പ്രത്യേക പുരസ്കാരം
കട്ടപ്പന: ഇടുക്കി ജില്ലയുടെ വളർച്ചയ്ക്കും വികസനത്തിനും നേതൃത്വം നൽകിയവരിൽ പ്രമുഖരായ കോതമംഗലം രൂപത ബിഷപ് എമിരറ്റസ് മാർ ജോർജ് പുന്നക്കോട്ടിലിനെയും കാഞ്ഞിരപ്പള്ളി ബിഷപ് എമിരറ്റസ് മാർ മാത്യു അറയ്ക്കലിനെയും ദീപിക പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു. കട്ടപ്പനയിൽ ഇടുക്കി ജില്ലയുടെ സുവർണ ജൂബിലി ആഘോഷത്തിലാണ് പുരസ്കാരം സമ്മാനിച്ചത്. മാർ പുന്നക്കോട്ടിലിന് മാർ അറയ്ക്കലും മാർ അറയ്ക്കലിനു മാർ പുന്നക്കോട്ടിലും പുരസ്കാരങ്ങൾ സമ്മാനിച്ചു. രാഷ്ട്രപതിയുടെ വിശിഷ്ട സേവ മെഡൽ നേടിയ ഇടുക്കി ജില്ലാ പോലീസ് ചീഫിനും ദീപിക പുരസ്കാരം സമ്മാനിച്ചു.