കര്‍ഷകര്‍ ഒന്നിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യം: ഫാ. തോമസ് മറ്റമുണ്ടയില്‍
1245105
Friday, December 2, 2022 10:33 PM IST
ചെങ്ങളം: കര്‍ഷകര്‍ ഒന്നിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഇന്‍ഫാം ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയില്‍. ഇന്‍ഫാം പൊന്‍കുന്നം താലൂക്ക് സമിതി ചെങ്ങളം സെന്റ് ആന്റണീസ് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച കാര്‍ഷിക ശക്തീകരണ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകമുന്നേറ്റത്തിലൂടെ മാത്രമേ ഇന്നു കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളികള്‍ക്കും പ്രതിസന്ധികള്‍ക്കും പരിഹാരം ഉണ്ടാവുകയുള്ളൂ. ഇതു പൊടുന്നനെ സംഭവിക്കുന്ന ഒരു മാറ്റമല്ല. ബോധവത്കരണത്തിലൂടെ മാത്രമേ ഇതു സാധ്യമാകൂ. കര്‍ഷകര്‍ എല്ലാ തലങ്ങളിലുമുള്ള സാമൂഹിക, രാഷ്ട്രീയ മേഖലകളിലൂടെയും കാര്‍ഷിക ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ഇടപെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊന്‍കുന്നം താലൂക്ക് സമിതിയില്‍ ഉള്‍പ്പെടുന്ന പത്ത് ഗ്രാമസമിതികളിലെ കര്‍ഷകര്‍ സംഗമത്തില്‍ പങ്കെടുത്തു. വിവിധവും നൂതനവുമായ കൃഷിരീതികള്‍ കര്‍ഷകര്‍ സംഗമത്തില്‍ അവതരിപ്പിച്ചു.
താലൂക്ക് സമിതി ഡയറക്ടര്‍ ഫാ. ജസ്റ്റിന് മതിയത്ത്, താലൂക്ക് സമിതി പ്രസിഡന്റ് തോമസ് മാത്യു മേപ്പുറത്ത്, കാഞ്ഞിരപ്പള്ളി ജില്ലാ അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. പീറ്റര്‍ കിഴക്കേല്‍, ചെങ്ങളം പള്ളി വികാരി മോണ്‍. ജോര്‍ജ് ആലുങ്കല്‍, വിവിധ ഗ്രാമസമിതി ഡയറക്ടര്‍മാര്‍ എന്നിവര്‍ പ്രസംഗിച്ചു.