വാഹനത്തിനുനേരെ കാട്ടാന ആക്രമണം; യുവാവ് തലനാരിഴയ്ക്കു രക്ഷപ്പെട്ടു
1262164
Wednesday, January 25, 2023 10:28 PM IST
മറയൂര്‍: മറയൂര്‍-മൂന്നാര്‍ റോഡില്‍ പടയപ്പയുടെ ആക്രമണത്തില്‍നിന്നു യുവാവ് തലനാരിഴയ്ക്കു രക്ഷപ്പെട്ടു. കാന്തല്ലൂര്‍ പയസ് നഗര്‍ സ്വദേശി സജേഷ് ജോസ് സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാറിനു നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
എൻജിനിയറിംഗ് വര്‍ക്ക്ഷോപ്പ് ഉടമയായ സജേഷ് തൊടുപുഴയില്‍ പോയി മടങ്ങി വരുമ്പോഴാണ് മറയൂരില്‍നിന്നു പതിനെട്ട് കിലോമീറ്റര്‍ അകലെ കടുക് മുടി എസ്റ്റേറ്റ് ഭാഗത്ത് നടുറോഡില്‍ കാട്ടാനയെ കണ്ടത്. വാഹനം കണ്ടയുടനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഒരുവശത്ത് കുത്തി കൊമ്പില്‍ തൂക്കിയെടുത്തു രണ്ടു തവണ മറിക്കാന്‍ ശ്രമിച്ചതായി സജേഷ് പറഞ്ഞു. പിന്നില്‍ മറ്റൊരു വാഹനം എത്തിയപ്പോഴാണ് കാട്ടാന പിന്മാറിയത്.
മറയൂര്‍- മൂന്നാര്‍ റോഡില്‍ പടയപ്പയുള്‍പ്പെടെ നിരവധി കാട്ടാനകളാണ് പതിവായി കാണുന്നത്. ഇവയില്‍ ഭൂരിഭാഗവും ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ കാട്ടാനകളില്‍നിന്നു വിപരീതമായി അക്രമകാരികളാണ്.
നിരവധി വളവുകള്‍ അടങ്ങിയ ഈ റോഡില്‍ രാത്രികാലങ്ങളിലെ യാത്ര കാട്ടനകള്‍ കാരണം അപകടകരമായിരിക്കുകയാണ്.