സോളാർ ബാറ്ററികൾ മോഷ്ടിച്ചു കടത്തിയവർ പിടിയിൽ
1265129
Sunday, February 5, 2023 10:06 PM IST
തൊടുപുഴ: പാലാ-തൊടുപുഴ റോഡിൽ സ്ഥാപിച്ചിരിക്കുന്ന സോളാർ ലൈറ്റുകളുടെ ബാറ്ററി മോഷ്ടിച്ച് വിൽപ്പന നടത്തുന്ന രണ്ടംഗ സംഘത്തെ കരിങ്കുന്നം പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഏനാനല്ലൂർ പുന്നമറ്റം ഓട്ടുകുളത്ത് ഒ.എ. ബാദുഷ, നോർത്ത് മഴുവന്നൂർ കൊച്ചുവീട്ടിൽ കെ.എസ്. കിച്ചു (19) എന്നിവരെയാണ് എസ്ഐ ബൈജു പി. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പതിവായി ഈ റൂട്ടിലെ വഴിവിളക്കുകളിൽ സ്ഥാപിച്ചിരിക്കുന്ന ബോക്സുകളിൽനിന്നു ബാറ്ററി മോഷണം പോകുന്നതിനാൽ പോലീസ് നിരീക്ഷണം ശക്തമാക്കിയതോടെയാണ് ഇന്നലെ പുലർച്ചെ 2.15 ഓടെ കരിങ്കുന്നം ടൗണിൽനിന്നു പ്രതികൾ പിടിയിലായത്. ബാറ്ററി മോഷ്ടിച്ചു കടത്താൻ ഉപയോഗിച്ചിരുന്ന ബാദുഷയുടെ കാറും പിടികൂടി. ബാറ്ററി കടത്താനായി പ്രത്യേകം രൂപകൽപ്പന വാഹനമാണിതെന്ന് പോലീസ് പറഞ്ഞു.
ഇവർ മോഷ്ടിക്കുന്ന ബാറ്ററി കടകളിൽ വിൽപ്പന നടത്തുകയാണു ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു. പ്രധാന പ്രതി ബാദുഷയുടെ മാതാപിതാക്കൾ ഉയർന്ന സർക്കാർ ഉദ്യോഗസ്ഥരാണ്. മറ്റു സ്ഥലങ്ങളിലും ഇവർ ഇത്തരം മോഷണം നടത്തിയിട്ടുണ്ടോയെന്നു പോലീസ് അന്വേഷിക്കും.