അപകടകാരികളായ ആനകളെ കോളർ ഘടിപ്പിച്ചു നിരീക്ഷിക്കും
1265385
Monday, February 6, 2023 10:42 PM IST
മൂന്നാർ: ആക്രമണകാരികളായ കാട്ടാനകളെ റേഡിയോ കോളർ ഘടിപ്പിച്ചു നിരീക്ഷിക്കും. ശല്യം തുടർന്നാൽ പിടിച്ചു മാറ്റും. ഇടുക്കിയിലെ കാട്ടാനശല്യം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടു ദേവികുളം ഡിഎഫ്ഒ ഓഫീസിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം.
ശല്യക്കാരായ ആനകളെ നിയന്ത്രിക്കാനുള്ള നടപടികളെക്കുറിച്ചു പഠനം നടത്താൻ വയനാട്ടിൽനിന്നെത്തിയ സംഘം അഞ്ചു ദിവസത്തിനകം വിശദമായ റിപ്പോർട്ട് നൽകും. തുടർന്ന് ഡോ. അരുൺ സക്കറിയ എത്തിയതിനുശേഷം തുടർനടപടികൾ സ്വീകരിക്കാനും ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനമായി.
ആക്രമണകാരികളായ കാട്ടാനയെ മതികെട്ടാൻ ദേശീയ ഉദ്യാനത്തിലേക്കു മാറ്റുക, മൈക്ക് പിടിപ്പിച്ച റേഡിയോ കോളർ ഘടിപ്പിച്ച ആനകളെ നിരീക്ഷിക്കുക, ശല്യം രൂക്ഷമായി തുടർന്നാൽ ഇവയെ പിടിച്ചു മാറ്റുന്നതിനു നടപടി സ്വീകരിക്കുക എന്നിങ്ങനെ പ്രധാനമായും മൂന്നു നിർദേശങ്ങളാണു വനംവകുപ്പ് മുന്നോട്ടു വച്ചത്. ഇതു സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് വയനാട്ടിൽനിന്നെത്തിയ അഞ്ചംഗ സംഘം അഞ്ചുദിവസത്തിനകം സമർപ്പിക്കും. വരുന്ന
13നു അരുൺ സക്കറിയ ഇടുക്കിയിൽ എത്തും. ഇതിനു ശേഷമാകും അന്തിമ തീരുമാനം എടുക്കുക.
ഇതോടൊപ്പം ബോഡി വഴി അതിർത്തി കടന്നെത്തുന്ന തൊഴിലാളികളുടെ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കു കാട്ടാന എവിടെ നിൽക്കുന്നു എന്നതിനെ സംബന്ധിച്ച വിവരം കൈമാറുന്നതിനു ബോഡി മെറ്റീരിയൽ എൽഇഡി ബോർഡ് സ്ഥാപിക്കും.
ദേവികുളത്ത് ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ, എസിഎഫ് ഷാന്റി ടോം, ഡിഎഫ്ഒ, സബ് കളക്ടർ, വനം, പോലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അതേസമയം, ആക്രമണകാരികളായ കാട്ടാനകളെ മേഖലയിൽനിന്നു പിടിച്ചു മാറ്റണമെന്ന ആവശ്യമാണു കർഷകർ ഉന്നയിക്കുന്നത്.
കാട്ടാനകളെ പിടിച്ചു മാറ്റുന്നതുവരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന നിലപാടിലാണ് പ്രതിപക്ഷ പാർട്ടികളും കർഷക സംഘടനകളും. ഈ ആവശ്യം ഉന്നയിച്ചു കോൺഗ്രസ് നടത്തുന്ന സമരം ആറു ദിവസം പിന്നിടുകയാണ്.