കോൺഗ്രസ് നിരാഹാരസമരം പത്താം ദിവസത്തിലേക്ക്
1266058
Wednesday, February 8, 2023 11:02 PM IST
രാജകുമാരി: വനംവകുപ്പ് ദേവികുളം റേഞ്ചിനു കീഴിലുള്ള പ്രദേശങ്ങളിലെ കാട്ടാനശല്യം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കോണ്‍ഗ്രസ് പൂപ്പാറയില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം പത്താം ദിവസത്തിലേക്ക് കടന്നു.
യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് കെ.എസ്. അരുണാണ് നിരാഹാരസമരം ആരംഭിച്ചത്. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് അരുണിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
ഡിസിസി ജനറല്‍ സെക്രട്ടറി എം.പി. ജോസ് നിരാഹാരസമരം തുടരുകയാണ്. വനം വകുപ്പ് നടപടിയുണ്ടാകുന്നതുവരെ സമരം തുടരാനാണു ഡിസിസിയുടെ തീരുമാനം. വരും ദിവസങ്ങളില്‍ സംസ്ഥാന നേതാക്കളെയടക്കം സമരത്തില്‍ പങ്കെടുപ്പിച്ച് സര്‍ക്കാരിനും വനംവകുപ്പിനുമെതിരെയുള്ള പ്രതിഷേധം ശക്തമാക്കുമെന്നു നേതാക്കള്‍ പറഞ്ഞു.
ഡിസിസി പ്രസിഡന്റ് സി.പി. മാത്യു, തമിഴ്നാട് തേനി ഡിസിസി പ്രസിഡന്റ് എം.പി. മുരുകേശന്, എം.എന്‍. ഗോപി. റോയി കെ. പൗലോസ്, ആര്. ബാലന്‍പിള്ള, സേനാപതി വേണു, ജോര്‍ജ് തോമസ്, കിങ്ങിണി രാജേന്ദ്രന്, ജോഷി കന്യാക്കുഴി, എസ്. വനരാജ്, എന്നിവര്‍ ഇന്നലെ സമരപ്പന്തലിലെത്തി.