കാമാക്ഷി പുഷ്പഗിരിയിൽ കടുവയുടെ സാന്നിധ്യം
1279348
Monday, March 20, 2023 10:21 PM IST
ചെറുതോണി: കാമാക്ഷി പുഷ്പഗിരിയിൽ കടുവയുടെ സാന്നിധ്യം. വന്യമൃഗത്തിന്റെ ആക്രമണത്തിൽനിന്നു യുവാവ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
ഇന്നലെ പുലർച്ചെ ജോലിക്കു പോയ ടിപ്പർ ഡ്രൈവർ പുഷ്പഗിരി സ്വദേശി പൂവേലിൽ മോബിറ്റ് കടുവകളെന്നു സംശയിക്കുന്ന രണ്ടു ജീവികളെ കണ്ടു. കടുവയുടെ ഗർജനം കേട്ടതായി സമീപവാസിയായ വ്യാപാരിയും ഭാര്യയും സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ, കാൽപ്പാടുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണു വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
കാമാക്ഷി പഞ്ചായത്തിലെ പുഷ്പഗിരിക്കു സമീപം ടവർ ജംഗ്ഷനിലാണ് കടുവയുടെ സാന്നിധ്യമുണ്ടായത്. ചെറുതും വലുതുമായ രണ്ടു കടുവകൾ റോഡിൽ ഉണ്ടായിരുന്നതായും തന്റെ നേർക്ക് കടുവ പാഞ്ഞടുത്തെന്നും മോബിറ്റ് പറയുന്നു. ഉടൻതന്നെ മോബിറ്റ് ഇരുചക്രവാഹനം തിരിച്ച് തങ്കമണി പോലീസ് സ്റ്റേഷനിൽ എത്തി വിവരം ധരിപ്പിച്ചു.
പുഷ്പഗിരിക്കു സമീപമുള്ള വ്യാപാരി പൂവത്തുങ്കൽ സലികുമാറും ഭാര്യയും കടുവയുടെ ഗർജനം കേട്ടതായും പറയുന്നു.
സംഭവസ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി മോബിറ്റിന്റെയും സലിയുടെയും മൊഴി രേഖപ്പെടുത്തി. തുടർന്ന് മേഖലയിൽ പരിശോധന നടത്തിയെങ്കിലും കടുവയുടെ കാൽപ്പാടുകൾ കണ്ടെത്താൻ കഴിഞ്ഞില്ല.
വന്യമൃഗത്തിന്റെ സാന്നിധ്യമുണ്ടായ മേഖലയിൽ നിരീക്ഷണ കാമറ സ്ഥാപിക്കുമെന്നും കാമറയിൽ പതിയുന്ന ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ കൂട് സ്ഥാപിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, ഇന്നലെ വൈകുന്നേരം മൂങ്ങാപാറ അമ്പലത്തിനു സമീപം പുലിയുടെ സാന്നിധ്യമുണ്ടായതായി വിവരം ലഭിച്ചു. പോലീസും വാർഡ് മെംബറും ഉൾപ്പെടെയുള്ള ആളുകൾ പ്രദേശത്ത് എത്തിയിട്ടുണ്ട്.