വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവച്ചു
1279350
Monday, March 20, 2023 10:21 PM IST
കട്ടപ്പന: വീണ്ടും കടുവാസാന്നിധ്യം ഉണ്ടായതോടെ അടയാളക്കല്ലിൽ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവച്ചു. ഇരട്ടയാർ പഞ്ചായത്ത് അടയാളക്കല്ല് മേഖലയിൽ ദിവസങ്ങളായി കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി നിരീക്ഷണ കാമറകൾ സ്ഥാപിച്ചെങ്കിലും ദിവസങ്ങൾ പിന്നിട്ടിട്ടും കാമറയിലെ ദൃശ്യങ്ങൾ പരിശോധിക്കുന്നതിന് ഇവർ തയാറാകുന്നില്ലെന്ന് ആരോപിച്ചാണു നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചത്.
തിങ്കളാഴ്ച പുലർച്ചെയും രണ്ടു കടുവകളെ കണ്ടതായി ദൃക്സാക്ഷി വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. അടയാളക്കല്ല് മേഖലയിൽ പല സ്ഥലങ്ങളിലും കടുവയുടെ കാൽപ്പാടുകൾ കണ്ടിരുന്നു. കാമറദൃശ്യങ്ങൾ പരിശോധിച്ച് തീരുമാനം ഉണ്ടാക്കാതെ ഉദ്യോഗസ്ഥരെ വിടില്ലെന്ന നിലപാടിലാണു നാട്ടുകാർ.
കാഞ്ചിയാർ റേഞ്ച് ഓഫിസിൽനിന്നും വിദഗ്ധരെ എത്തിച്ച് കാമറ പരിശോധിച്ച് റിപ്പോർട്ട് നൽകാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞെങ്കിലും നാട്ടുകാർ പ്രതിഷേധം തുടർന്നു.
പ്രതിഷേധം ശക്തമായതോടെ ലാപ് ടോപ്പ് എത്തിച്ച് കാമറകൾ പരിശോധിച്ചെങ്കിലും കാട്ടുപന്നിയുടെ ദൃശ്യങ്ങൾ മാത്രമാണ് ലഭിച്ചത്. ഇതോടെ മറ്റൊരിടത്തേക്ക് കാമറ മാറ്റി സ്ഥാപിച്ചു. ഇതോടെ നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചു. ചെറുതോണി സിഐയും അടയാളക്കല്ലിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി.