വെള്ളയാംകുടിയിൽ പുലിയിറങ്ങിയെന്ന് അഭ്യൂഹം
1280230
Thursday, March 23, 2023 10:41 PM IST
കട്ടപ്പന: വെള്ളയാംകുടിയിൽ പുലിയിറങ്ങിയെന്ന് അഭ്യൂഹം. പ്രദേശവാസിയായ ജോസാണ് പുലിയെ കണ്ടതായി പറയുന്നത്.
ഇന്നലെ ഉച്ചയോടെയാണ് വെള്ളയാംകുടി എസ് എംഎൽ പടിയിൽ പുലിയെ കണ്ടെന്ന വാർത്ത പരന്നത്. ജോസ് പറമ്പിൽ നിൽക്കുമ്പോൾ സമീപത്തെ പുരയിടത്തിലൂടെ പുലി ഓടി മറഞ്ഞെന്നാണ് പറയുന്നത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് വനപാലകർ സ്ഥലത്തെത്തി. വന്യജീവിയെ നേരിൽ കണ്ടയാളുമായി ഇവർ സംസാരിക്കുകയും ചില ചിത്രങ്ങൾ കാണിക്കുകയും ചെയ്തു. ഇതിൽനിന്ന് ജോസ് കണ്ടത് പൂച്ചപ്പുലിയാണെന്നു സ്ഥിരീകരിച്ചു. നായയുടെ വലിപ്പമുള്ള നീളമുള്ള ജീവിയെയാണ് കണ്ടതെന്ന് ജോസും പറയുന്നു. കാലിലും വാലിലും വരകളുണ്ട്.
പൂച്ചപ്പുലി അപകടകാരിയല്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. സാധാരണ കുറ്റിക്കാടുകളിലും ചെറിയ ആവാസ വ്യവസ്ഥകളിലും ഇവയെ കാണാറുണ്ടെന്നും വനപാലകർ പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം വെട്ടിക്കുഴക്കവലയിലും ഇരട്ടയാർ തുളസിപ്പാറയിലും കണ്ടത് പുലിയുടേതിനു സമാനമായ കാൽപ്പാടുകളാണെന്നാണ് നിഗമനം. പൂച്ചപ്പുലിയുടെ കാൽപ്പാടുകളാണോയെന്ന കാര്യത്തിലും ഉദ്യോഗസ്ഥർ വ്യക്തമായ മറുപടി നൽകിയിട്ടില്ല.