പൊന്മുടി തൂക്കുപാലത്തിൽ ഗതാഗതം നിരോധിച്ചു
1283190
Saturday, April 1, 2023 10:41 PM IST
ഇടുക്കി: പൊന്മുടി-രാജാക്കാട് റോഡിലെ പൊന്മുടി തൂക്കുപാലത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ്. കാലപ്പഴക്കംകൊണ്ട് ബലക്ഷയം സംഭവിച്ച തൂക്കുപാലത്തിലൂടെയുള്ള ഭാരം കയറ്റിയ വാഹനങ്ങളുടെ ഗതാഗതം നേരത്തെ നിരോധിച്ചിരുന്നു.
ഉടുന്പൻചോല തഹസിൽദാർ, രാജാക്കാട് പഞ്ചായത്ത് സെക്രട്ടറി, പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ, രാജാക്കാട് എസ്എച്ച്ഒ എന്നിവർ സംയുക്തമായി നടത്തിയ പരിശോധനാറിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് പൂർണമായി ഗതാഗതം നിരോധിച്ച് ഉത്തരവ് ഇറക്കിയത്.
60 വർഷത്തിനു മുകളിൽ പഴക്കമുള്ള പൊന്മുടി തൂക്കുപാലത്തിൽ വാഹനഗതാഗതവും പരിധിയിൽ അധികം ആളുകൾ കയറുന്നത് വലിയ അപകടത്തിനു കാരണമാകുമെന്നതിനാലാണ് ദുരന്തനിവാരണ നിയമപ്രകാരം ഗതാഗതം നിരോധിച്ചത്.
ഉത്തരവ് കർശനമായി നടപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവി, ഉടുന്പൻചോല തഹസിൽദാർ, രാജാക്കാട് പഞ്ചായത്ത് സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി.
ഗതാഗതം നിരോധിച്ചുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്നതിന് രാജാക്കാട് പഞ്ചായത്ത് സെക്രട്ടറിയെയും ചുമതലപ്പെടുത്തി.