അയ്യപ്പൻകോവിലിൽ വീണ്ടും അജ്ഞാതജീവിയുടെ ആക്രമണം
1300100
Sunday, June 4, 2023 11:04 PM IST
ഉപ്പുതറ: അയ്യപ്പൻകോവിലിൽ മേരികുളം താണോലിക്കടയിൽ അജ്ഞാതജീവിയുടെ ആക്രമണം. കയ്യിന്നുപാറയിൽ കെ.എസ്. ഷിബിയുടെ വീട്ടിൽ വളർത്തിയ എട്ടു കോഴികളെയാണ് ജീവി കൊന്നു തിന്നത്. ഒരിടവേളയ്ക്കു ശേഷമാണ് അയ്യപ്പൻകോവിൽ മേഖലയിൽ അജ്ഞാതജീവിയുടെ ആക്രമണമുണ്ടാകുന്നത്.
ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. വീട്ടുകാർ തിരിച്ചെത്തി നോക്കുമ്പോൾ കൂട്ടിൽ കോഴിത്തൂവൽ മാത്രമാണ് ഉണ്ടായിരുന്നത്. പരിശോധനയിൽ കൂട്ടിൽ അജ്ഞാതജീവിയുടെ കാല്പാടുകൾ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് കൃഷിയിടത്തിൽ തെരഞ്ഞപ്പോൾ ഒരു കോഴിയുടെ അവശിഷ്ടം കണ്ടെത്തി. കാല്പാടുകൾ കാട്ടുപൂച്ചയുടേതെന്നാണ് നിഗമനം.
എന്നാൽ, താണോലിക്കടയ്ക്കു സമീപം നിരപ്പേൽകടയിൽ പുലിയുടേതടക്കം സാന്നിധ്യമുണ്ടായിട്ടുണ്ട്. തേക്കടി വന്യജീവി സങ്കേതത്തിൽനിന്ന് മാൻ അടക്കമുള്ള മൃഗങ്ങൾ അടുത്തിടെ പ്രദേശത്ത് എത്തിയിട്ടുണ്ട്. ഇതോടെ മേഖലയിലെ ആളുകൾ ആശങ്കയിലാണ്. കാഞ്ചിയാർ വനംവകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
.