സ്വന്തം ലേഖകൻ
തൊടുപുഴ: ആധുനിക ലോകത്തിന്റെ ആകർഷണ വലയത്തിൽപ്പെട്ട് ചില്ലുകൊട്ടാരം പോലെ വീണുടയുന്ന വിദ്യാർഥിനിയുടെ ജീവിത കഥ പ്രമേയമാക്കി അവതരിപ്പിക്കുന്ന ഒരുവട്ടംകൂടി എന്ന സിനിമയിൽ ഡോ.സേനാപതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അധ്യാപകനായ വിവിഷ് വി.റോൾഡന്റ്. സെപ്റ്റംബർ 22നു കേരളത്തിലെ 100 തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന സിനിമയുടെ സംവിധാനവും ഗാനരചനയും ഛായാഗ്രഹണവും സാബു ജെയിംസും കഥയും തിരക്കഥയും സംഭാഷണവും പോൾ വർഗീസുമാണ് നിർവഹിച്ചിരിക്കുന്നത്.
ത്രീബെൽസ് ഇന്റർനാഷണൽസ് അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ അമല റോസ് ഡൊമിനിക്ക്, മനോജ് നന്ദം, ഉൗർമിള മഹന്ത, സെന്തിൽകൃഷണ, ശ്രീകാന്ത് മുരളി, സിബി തോമസ്, പ്രണവ് ഏക, സൂരജ് ടോം, ശരത് കോവിലകം, സാംജി ആന്റണി, സ്റ്റീഫൻ ചെട്ടിക്കൽ തുടങ്ങിയവരാണ് അഭിനേതാക്കൾ. മൂന്നാർ, വാഗമണ്, കൊച്ചി, പാലാ, കോട്ടയം, തൊടുപുഴ, ഇടുക്കി, കുറവിലങ്ങാട്, കടുത്തുരുത്തി, ആലപ്പുഴ തുടങ്ങിയ പ്രദേശങ്ങളുടെ മനോഹാരിതയിൽ ചിത്രീകരിച്ച സിനിമയാണിത്. പ്രണയവും ലഹരിമരുന്നിന്റെ ഉപയോഗവും മൂലം താളം തെറ്റുന്ന വിദ്യാർഥിനിയുടെ ജീവിതത്തിന്റെ നേർചിത്രം അവതരിപ്പിക്കുന്ന കഥ ശുഭപര്യവസായിയാണ്.
ജീവിതവഴിയിൽ കാലിടറുന്ന മകളെ ജീവിതത്തിലേക്ക് തിരിച്ചുപിടിക്കുന്ന മാതാപിതാക്കളുടെ സ്നേഹത്തിന്റെ ആഴവും നന്മയുടെ ആൾരൂപമായി കടന്നുവരുന്ന സുഹൃത്തുമെല്ലാം സിനിമയിൽ മിന്നിമറയുന്നു. അഞ്ചുപുതുമുഖ താരങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ കെ.എസ്. ചിത്രയും സുദീപ് കുമാറുമാണ് സംഗീതം ആലപിച്ചിരിക്കുന്നത്. ആസ്വാദകരുടെ മനം കുളിർപ്പിക്കുന്ന മനോഹരഗാനങ്ങളും നൃത്തരംഗങ്ങളുമെല്ലാം ഇഴുകിച്ചേരുന്ന സിനിമ സമകാലിക പ്രശ്നങ്ങളുടെ ഇഴകൾ നെയ്തെടുത്താണ് നാടകീയ മുഹൂർത്തങ്ങൾ ഒരുക്കുന്നത്. കല്ലാനിക്കൽ സെന്റ് ജോർജ് എച്ച്എസ്എസ് മലയാളം അധ്യാപകനായ വിവിഷ് വി.റോൾഡന്റ് മനഃശാസ്ത്രജ്ഞൻ, വാഗ്മി, മോട്ടിവേഷൻ ട്രെയിനർ, വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ ഡെപ്യൂട്ടി കോ-ഓർഡിനേറ്റർ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
മലയാളം, ഇംഗ്ലീഷ്, ചരിത്രം, രാഷ്ട്രതന്ത്രം, മനഃശാസ്ത്രം എന്നീ വിഷയങ്ങളിലും ദൈവശാസ്ത്രത്തിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കുണിഞ്ഞി വാലുമ്മേൽ റോൾഡന്റ് മാത്യു-കുട്ടിയമ്മ ദന്പതികളുടെ മകനാണ് സിനിമയിലെ നവാഗത താരമായ വിവിഷ്.