എല്‍ഡിഎഫ് സ്ഥാനാര്‍ഥി: ഇടുക്കിയില്‍ വീണ്ടും ജോയ്സ് ജോര്‍ജ്
1396054
Wednesday, February 28, 2024 2:47 AM IST
തൊടുപുഴ: ഇടുക്കിയില്‍ ഇത്തണവയും തനിയാവര്‍ത്തനം. ഇടുക്കി ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജോയ്സ് ജോര്‍ജിനെ മുന്നണി പ്രഖ്യാപിച്ചതോടെ മുന്‍ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍ വീണ്ടും ഏറ്റുമുട്ടാന്‍ സാധ്യത.
യുഡിഎഫ് ഇതുവരെ ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും നിലവിലെ എംപി ഡീന്‍ കുര്യാക്കോസിനാകും സാധ്യത. കഴിഞ്ഞ രണ്ടുതവണയും ഇടതുസ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് ജോയ്സ് മല്‍സരിച്ചതെങ്കില്‍ ഇത്തവണ സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.
ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ലീഗല്‍ അഡൈ്വസറായി പ്രവൃത്തിച്ചുവരുന്നതിനിടെയായിരുന്നു തെരഞ്ഞെടുപ്പിലെ കന്നിയങ്കം. ഇടുക്കി തടിയമ്പാട് പാലിയത്ത് പരേതനായ ജോര്‍ജ്-മേരി ദമ്പതികളുടെ മകനായി 1970 ലായിരുന്നു ജോയ്സിന്റെ ജനനം.സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം തൊടുപുഴ ന്യൂമാന്‍കോളജ്, മാന്നാനം കെഇ കോളജ് എന്നിവിടങ്ങളിലായിരുന്നു ബിരുദപഠനം.
തിരുവനന്തപുരം ലയോള കോളജില്‍ നിന്നും എംഎസ്ഡബ്ല്യു, തിരുവനന്തപുരം ഗവ.ലോ കോളജില്‍ നിന്നു എല്‍എല്‍ബി എന്നീ ബിരുദങ്ങളും നേടിയിട്ടുണ്ട്. ഹൈക്കോടതി, സുപ്രീംകോടതി എന്നിവിടങ്ങളില്‍ അഭിഭാഷകനാണ്. ഭാര്യ അനൂപ വാഴത്തോപ്പ് സെന്റ് ജോര്‍ജ് എച്ച്എസ്എസ് അധ്യാപികയാണ്. ഏക മകന് ജോര്‍ജിന് ജോര്‍ജ് നിയമവിദ്യാര്‍ഥിയാണ്.