വിലക്കയറ്റം: വിപണിപരിശോധന ഊർജിതമാക്കും
1396057
Wednesday, February 28, 2024 2:47 AM IST
ഇടുക്കി: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവുമായി ബന്ധപ്പെട്ട് പൊതുവിപണിയിലെ വില പരിശോധന ഊർജിതമാക്കാൻ തീരുമാനം. വിലക്കയറ്റവുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. യോഗത്തിൽ എഡിഎം വി.എൻ. അനി അധ്യക്ഷത വഹിച്ചു.
വ്യാപാരികൾ ചില ഉത്പന്നങ്ങൾക്ക് 10 ശതമാനത്തിൽ കൂടുതൽ അധിക വില ഈടാക്കുന്നതായും ഓരേ ഉത്പന്നങ്ങൾ വ്യത്യസ്ത വിലയ്ക്ക് വിൽക്കുന്നുവെന്നുമുള്ള പരാതിയെത്തുടർന്ന് ഒരേ വില വിവരപ്പട്ടിക കടകളിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരുന്നു.
ഈ വിവരം വ്യാപാരികളെ അറിയിച്ചതായും വഴിയോരക്കച്ചവടക്കാരുടെ ലൈസൻസ് സംബന്ധമായ കാര്യങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഉത്തരവ് നൽകിയതായി ജില്ലാ സപ്ലൈ ഓഫീസർ കെ.പി.സജിമോൻ അറിയിച്ചു.
പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ.പി. സെലീനാമ്മ, താലൂക്ക് സപ്ലൈ ഓഫീസർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.