റോഡ് നിർമാണം: കെഎസ്ഇബി സ്റ്റോപ്പ് മെമ്മോ പിൻവലിച്ചു
1396380
Thursday, February 29, 2024 6:43 AM IST
കരിമണ്ണൂർ: നെയ്യശേരി - തോക്കുന്പൻ സാഡിൽ റോഡ് നിർമാണം തടസപ്പെടുത്തി കെഎസ്ഇബി നൽകിയ സ്റ്റോപ്പ് മെമ്മോ പിൻവലിച്ചു. ചൊവ്വാഴ്ച തൊടുപുഴ പിഡബ്ലുഡി റസ്റ്റ് ഹൗസിൽ പി.ജെ. ജോസഫ് എംഎൽഎ വിളിച്ചു ചേർത്ത കെഎസ്ടിപി, കെഎസ്ഇബി, റോഡ് നിർമാണ കരാർ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
നിർമാണവുമായി ബന്ധപ്പെട്ട് റോഡിനു വീതി കൂട്ടിയതിനെ ത്തുടർന്ന് പാതയുടെ ഉള്ളിലായ മൂന്നൂറോളം വൈദ്യുതി പോസ്റ്റുകൾ റോഡിന്റെ വശങ്ങളിലേക്ക് മാറ്റി സ്ഥാപിക്കും. നേരത്തേ സ്റ്റോപ്പ് മെമ്മോ ഒഴിവാക്കാൻ വൻ തുക നഷ്ടപരിഹാരം വേണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നത്. വൈദ്യുതി പോസ്റ്റുകൾ മാറ്റാനായി കെഎസ്ഇബി നാലു കോടി രൂപയാണ് ആവശ്യപ്പെട്ടത്. എന്നാൽ കെഎസ് ടിപിയാകട്ടെ 1.28 കോടിയാണ് അനുവദിച്ചത്.
ഇതോടെയാണ് സ്റ്റോപ്പ് മെമ്മോയുമായി വൈദ്യുതിബോർഡ് രംഗത്തെത്തിയത്. പോസ്റ്റുകൾ റോഡിനു നടുവിൽ നിൽക്കുന്നത് മുളപ്പുറം പാലം നിർമാണത്തിനും തടസമായിരുന്നു. കെഎസ്ഇബി നിലപാടു മാറ്റിയതോടെ റോഡ് നിർമാണം വേഗത്തിലാകാനുള്ള സാധ്യതതെളിഞ്ഞു.