ലോക്സഭാ തെരഞ്ഞെടുപ്പ് : വന്യജീവി ആക്രമണം മുഖ്യ ചർച്ചാവിഷയമാകും
1396587
Friday, March 1, 2024 3:28 AM IST
തൊടുപുഴ: ഇടുക്കിയിലെ വന്യജീവി ആക്രമണം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സജീവ ചർച്ചാവിഷയമാകാനുള്ള സാധ്യതയേറി. മുൻ തെരഞ്ഞെടുപ്പുകളിൽ ഭൂപ്രശ്നങ്ങൾ, പട്ടയം, കാർഷികോത്പന്നങ്ങളുടെ വിലയിടിവ് തുടങ്ങിയവയാണ് കൂടുതൽ ഉയർത്തിക്കാട്ടിയിരുന്നതെങ്കിൽ ഇത്തവണ വന്യമൃഗശല്യം തന്നെയാകും തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന കുന്തമുന.
കഴിഞ്ഞ രണ്ടുമാസത്തിനിടെ മൂന്നാറിൽ നാലു മനുഷ്യജീവനുകളാണ് കാട്ടാനക്കലിയിൽ പൊലിഞ്ഞത്. ഇതിനു പുറമെ കാട്ടുപന്നി, കാട്ടുപോത്ത്, കുരങ്ങ് തുടങ്ങിയവയുടെ ശല്യവും രൂക്ഷമായി വരികയാണ്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടെ വന്യജീവി ആക്രണത്തിൽ കൂടുതൽപേർ കൊല്ലപ്പെട്ടത് ഇടുക്കി ജില്ലയിലാണ്.
ദിവസങ്ങൾക്കു മുന്പ് വയനാട്ടിലെ പുൽപ്പള്ളിയിൽ കർഷകനെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവം വലിയ പ്രതിഷേധത്തിനു കാരണമായതിനു പിന്നാലെയാണ് മൂന്നാറിലും സമാനസംഭവം ഉണ്ടായത്. ഇതോടെ വിവിധ രൂപതകളും ഭക്തസംഘടനകളും രാഷ്ട്രീയ പാർട്ടികളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
മൂന്നാറിൽ തിങ്കളാഴ്ച രാത്രി ഓട്ടോ ഡ്രൈവർ സുരേഷ്കുമാർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നു പ്രശ്നക്കാരായ കാട്ടാനകളെ പിടിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എംപി നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം മൂന്നുദിവസം പിന്നിട്ടു. സമരം അവസാനിപ്പിക്കാൻ ഇതുവരെയും സർക്കാർ ആവശ്യമായ നടപടികൾ ഇനിയും സ്വീകരിച്ചിട്ടില്ല.
വന്യമൃഗശല്യം ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചയാക്കി മാറ്റാനാകും യുഡിഎഫ് ശ്രമിക്കുക. എൽഡിഎഫാകട്ടെ നിയമസഭ പാസാക്കിയ ഭൂപതിവ് ചട്ടഭേദഗതി ബില്ലിൽ ഗവർണർ ഒപ്പുവയ്ക്കാത്തതു ചർച്ചയാക്കാനും സാധ്യതയുണ്ട്.
എന്നാൽ സമീപദിവസങ്ങളിലെ വന്യജീവി ആക്രമണവും ഇതേ തുടർന്നുണ്ടായിട്ടുള്ള ജനരോഷവും ഈ വിഷയം കൂടുതൽ ചർച്ച ചെയ്യാനുള്ള അവസരത്തിന് വഴി തുറക്കുകയായിരുന്നു.
കാർഷികോത്പന്നങ്ങളുടെ വിലയിടിവും കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടായിട്ടുള്ള ഉത്പാദനക്കുറവുമെല്ലാം മലയോര കർഷകരുടെ ജീവിതം ദുരിതപൂർണമാക്കുകയാണ്. ഇതിനിടെയാണ് വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ എത്തി ജീവനും സ്വത്തിനും ഭീഷണിയായി മാറുന്നത്.
വന്യമൃഗ ആക്രമണം മൂലം ജീവൻ പോലും പൊലിയുന്ന സാഹചര്യത്തിൽ മലയോര കർഷകരുടെ പ്രതിഷേധം അണപൊട്ടുകയാണ്. വന്യജീവി ആക്രമണം തടയുന്ന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഫലപ്രദമായ എന്തുനടപടിയാണ് സ്വീകരിക്കുന്നതെന്നു ഉറ്റുനോക്കുകയാണ് മലയോര ജനത.
വന്യമൃഗ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും കൃഷിനാശമുണ്ടായവർക്കും നഷ്ടപരിഹാരമല്ല മറിച്ച് ഈ പ്രശ്നം പരിഹരിക്കുന്നതിനു ശാശ്വതമായ നടപടികൾ തെരഞ്ഞെടുപ്പിനു മുന്പ് ഉണ്ടാകണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.