ഇടുക്കി രൂപതയ്ക്ക് ഇന്ന് 22-ാം പിറന്നാൾ
1396781
Saturday, March 2, 2024 2:58 AM IST
ചെറുതോണി: ഇടുക്കി ജില്ലയുടെ മലയോര മേഖലയുടെ സമഗ്ര വികസനത്തിനു നേതൃത്വം വഹിച്ച ഇടുക്കി രൂപതയ്ക്ക് ഇന്നു 22ാം പിറന്നാൾ. കോതമംഗലം രൂപത വിഭജിച്ച് 2003 മാർച്ച് രണ്ടിനാണ് കരിമ്പൻ ആസ്ഥാനമായി ഇടുക്കി രൂപത നിലവിൽ വന്നത്. ഇടുക്കിയുടെ ആത്മീയവും സാമൂഹികവുമായ വിവിധമേഖലകളിലുള്ള വളർച്ചയ്ക്കു രൂപത വഴിയൊരുക്കി.
വിദ്യാഭ്യാസം, തൊഴിൽ, ആതുരശുശ്രൂഷ, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിലും രൂപതയുടെ ഇടപെടൽ അവിസ്മരണീയമാണ്. ഇടുക്കിയിലെ കാർഷിക പ്രശ്നങ്ങളിലും ഇതരസാമൂഹിക വിഷയങ്ങളിലും രൂപത ശ്രദ്ധേയമായ പങ്കുവഹിച്ചു.
ഒന്നര പതിറ്റാണ്ടിലേറെയായി മലയോര ജനതയോടു ചേർന്നു നിന്നു രൂപതയെ നയിച്ച മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ മെത്രാഭിഷേകവും രൂപത ഉദ്ഘാടനവും ഒന്നിച്ചാണു നടന്നത്. പ്രാരംഭഘട്ടത്തിൽ അസൗകര്യങ്ങളുടെയും സാമ്പത്തിക പരാധീനതകളുടെയും നടുവിൽനിന്നു രൂപതയെ നയിച്ച പ്രഥമ ബിഷപ് ആത്മസംതൃപ്തിയോടെയാണ് വിട പറഞ്ഞത്.
ഹൈറേഞ്ചിലെ പാവപ്പെട്ടവന്റെയും കർഷകന്റെയും സാധാരണക്കാരന്റെയും ശബ്ദമായിരുന്നു മാർ മാത്യു ആനിക്കുഴിക്കാട്ടിൽ. മലയോര ജനതയുടെ സമഗ്ര വളർച്ച ലക്ഷ്യമിട്ട് പ്രവർത്തിച്ച മെത്രാൻ വിദ്യാസമ്പന്നവും നേതൃത്വപാടവവുമുള്ള ഒരു പുതുതലമുറയെ രൂപപ്പെടുത്തുന്നതിൽ ജാഗ്രതയോടെ പ്രവർത്തിച്ചു. ഇന്നു 150 ലധികം ഇടവകകളും 200ൽപ്പരം വൈദികരും രൂപതയ്ക്കുണ്ട്.
ഇടുക്കി രൂപതയുടെ രണ്ടാമത്തെ അമരക്കാരനായ മാർ ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ ഇടുക്കി രൂപത വികസന മുന്നേറ്റത്തിലാണ്. സഭാപരവും സാമൂഹികവുമായ വിഷയങ്ങളിൽ മാർ ജോൺ നെല്ലിക്കുന്നേലിന്റെ പക്വതയോടെയുള്ള നിലപാടുകളും ദീർഘ വീക്ഷണവും മലയോര ജനതയ്ക്ക് അഭിമാനിക്കാവുന്ന നേട്ടങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്.
വന്യജീവി ആക്രമണത്തിൽ ദുരിതമനുഭവിക്കുന്ന കർഷകർക്കും സാധാരണ ജനങ്ങൾക്കും ഒപ്പം നിൽക്കുന്ന ഇടുക്കി രൂപതയുടെ നിലപാട് സഭയുടെ ജനകീയ മുഖമാണ് വ്യക്തമാക്കുന്നത്.
ജാതി മത ചിന്തകൾക്കും കക്ഷിരാഷ്ട്രീയത്തിനുമതീതമായ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം കല്പിക്കുന്ന ഇടുക്കി രൂപത നാടിന്റെ സമഗ്ര വികസനത്തിനായുള്ള പടയോട്ടം തുടരുകയാണ്.