തെരഞ്ഞെടുപ്പുചൂട് പകർന്ന് ഫുട്ബോളും
1416123
Saturday, April 13, 2024 2:55 AM IST
ഇടുക്കി: മൈതാനത്തുനിന്നും ബൂത്തിലേക്ക് എന്ന സന്ദേശവുമായി തെരഞ്ഞെടുപ്പിന് ചൂടു പകരാൻ മൂന്നാറിൽ സൗഹൃദ ഫുട്ബോൾ മത്സരം നടത്തി. ജില്ലാ പോലീസ് ടീമും കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ ടീമും ഏറ്റുമുട്ടിയപ്പോൾ കാണികൾ കളിയാവേശത്തിന്റെ ചൂടിലായി. തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലാ സ്വീപ് വിഭാഗമാണ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചത്.
ഫുട്ബോൾ താരം ഐ.എം. വിജയൻ മത്സരം കിക്ക് ഓഫ് ചെയ്തു. ജില്ലാ കളക്ടർ ഷീബാ ജോർജ്, ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ്, സബ് കളക്ടർമാരായ ഡോ. അരുണ്‍ എസ്. നായർ, വി.എം.ജയകൃഷ്ണൻ, കണ്ണൻദേവൻ ഹിൽസ് പ്ലാന്റേഷൻസ് പ്രസിഡന്റ് മോഹൻ സി. വർഗീസ് എന്നിവർ പങ്കെടുത്തു.
ഒരു ഗോളിന് കണ്ണൻ ദേവൻ ഹിൽ പ്ലാന്റേഷൻസ് ടീം വിജയിച്ചു. ടീമുകൾക്കുള്ള ട്രോഫികൾ ജില്ലാ കളക്ടർ ഷീബ ജോർജ് വിതരണം ചെയ്തു.