വയോധികന്റെ മരണം സൂര്യാതപം മൂലമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്
1416133
Saturday, April 13, 2024 3:01 AM IST
വണ്ണപ്പുറം: വഴിത്തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിനിടെ വീണ വയോധികൻ മരിച്ച സംഭവത്തിൽ മരണകാരണം സൂര്യാതപമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുള്ളരിങ്ങാട് അന്പലപ്പടി പേങ്ങൻകോളനിയിലെ പുത്തൻപുരയ്ക്കൽ സുരേന്ദ്രനാണ് (73) കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തിൽ അയൽവാസിയായ കല്ലിങ്കൽ ദേവകി (62) യ്ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഇരുവരും തമ്മിലുള്ള കൈയ്യാങ്കളിക്കിടെയാണ് സുരേന്ദ്രൻ വീണത്.
ബുധനാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. തനിച്ച് താമസിക്കുന്ന സുരേന്ദ്രൻ രാവിലെ ചായക്കടയിൽ പോയി ഭക്ഷണം കഴിച്ചശേഷം തിരികെ ഓട്ടോയിൽ വീട്ടിലേക്ക് വരികയായിരുന്നു. ഇതിനിടെ ദേവകി വാഹനം തടഞ്ഞു. ഇതുവഴി വാഹനങ്ങൾ പോകാനാകില്ലെന്നും സ്റ്റോപ്പ് മെമ്മോയുള്ളതാണെന്നും പറഞ്ഞാണ് ഇവർ വഴി തടഞ്ഞത്. ഇതേച്ചൊല്ലി സുരേന്ദ്രനും ദേവകിയും തമ്മിൽ തർക്കമുണ്ടായി.
വാക്കേറ്റം കൈയാങ്കളിയിലേക്ക് എത്തുകയും സുരേന്ദ്രൻ നിലത്തു വീഴുകയുമായിരുന്നു. രണ്ടു മണിക്കൂറോളം സുരേന്ദ്രൻ റോഡിൽ കിടന്നു. പിന്നീട് അയൽവാസികൾ വിവരമറിയിച്ചതിനെത്തുടർന്ന് വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് എം.എ. ബിജു സ്ഥലത്തെത്തി പോലീസിനെ വിളിച്ച് ആംബുലൻസ് എത്തിച്ചാണ് തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചത്.
അപ്പോഴേക്കും സുരേന്ദ്രൻ മരിച്ചിരുന്നു. സംഭവത്തിൽ പോലീസ് ദേവകിയെ അറസ്റ്റു ചെയ്തിട്ടില്ല. ഇവർ പോലീസ് നിരീക്ഷണത്തിൽ തുടരുകയാണ്.