പോലീസിനു നേരേ കുരുമുളക് സ്പ്രേ അടിച്ച് ലഹരി സംഘം രക്ഷപ്പെട്ടു
1424364
Thursday, May 23, 2024 3:57 AM IST
തൊടുപുഴ: കഞ്ചാവ് വിൽപ്പന നടത്തുന്ന വിവരം അറിഞ്ഞെത്തിയ പോലീസ് സംഘത്തിനു നേരേ കുരുമുളക് സ്പ്രേ ചെയ്ത ശേഷം ലഹരി മാഫിയ സംഘം ഓടി രക്ഷപ്പെട്ടു. ഇവർ ഉപക്ഷിച്ച ഒന്നര കിലോ കഞ്ചാവ് പോലീസ് കണ്ടെടുത്തു. ചൊവ്വാഴ്ച രാത്രി ഒൻപതോടെ മുതലക്കോടം-പഴുക്കാകുളം റോഡിൽ ലൈബ്രറിക്ക് സമീപമായിരുന്നു സംഭവം.
റോഡിൽ വച്ച് കഞ്ചാവ് ലഹരി കൈമാറ്റം ചെയ്യുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് തൊടുപുഴ എസ്എച്ച്ഒ എസ്. മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ ഡിവൈഎസ്പിയുടെ സ്ക്വാഡും ഡാൻസാഫ് അംഗങ്ങളും സ്ഥലത്തെത്തിയത്.
പോലീസ് എത്തിയതോടെ ലഹരി വിൽപ്പന സംഘം കഞ്ചാവ് റോഡിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. വാഹനം മാറ്റി നിർത്തിയ ശേഷം സംഘത്തിന്റെ അടുത്തെത്തിയ പോലീസുകാരുടെ നേരേ കുരുമുളക് സ്പ്രേ ചെയ്ത ശേഷം ഇവർ സമീപത്തെ കൃഷിയിടത്തിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. പോലീസുകാർ പിന്നാലെ ഓടിയെങ്കിലും പ്രതികളെ പിടികൂടാനായില്ല.
ലഹരി വിൽപ്പന സംഘം വന്ന സ്കൂട്ടറും ഒരാളുടെ ഷർട്ടും പോലീസിനു ലഭിച്ചു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും ഇവർക്കായി അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.