വിശ്വാസജീവിത പരിശീലന വാര്‍ഷികാഘോഷവും നേതൃസംഗമവും
1424756
Saturday, May 25, 2024 3:48 AM IST
കാഞ്ഞിരപ്പള്ളി: രൂപത വിശ്വാസജീവിത പരിശീലന കേന്ദ്രത്തിന്റെയും ചെറുപുഷ്പ മിഷന് ലീഗിന്റെയും വാര്‍ഷികാഘോഷവും നേതൃസംഗമവും അവാര്‍ഡ് ദാനവും ഇന്നു രാവിലെ 9.30 മുതല്‍ വൈകുന്നേരം നാലുവരെ കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്ററില്‍ നടക്കും.
10ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും. രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ജോസഫ് വെള്ളമറ്റം അധ്യക്ഷത വഹിക്കും. മിഷന് ലീഗ് രൂപതാ ജോയിന്റ് ഡയറക്ടര്‍ ഫാ. ആന്റണി തുണ്ടത്തില്‍, തെരേസ കൊല്ലംപറമ്പില്‍ എന്നിവര്‍ പ്രസംഗിക്കും.
വിശ്വാസ ജീവിത പരിശീലനരംഗത്ത് 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ രണ്ട് അധ്യാപകരെയും 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ 31 അധ്യാപകരെയും 12 വര്‍ഷം എല്ലാ ഞായറാഴ്ചകളിലും സണ്‍ഡേ സ്കൂൾ ക്ലാസുകളില്‍ എത്തിയ 22 കുട്ടികളെയും സമ്മേളനത്തില്‍ ആദരിക്കും.
10, 12 ക്ലാസുകളില്‍ റാങ്കുകളും സ്കോളര്‍ഷിപ്പുകളും നേടിയ കുട്ടികള്‍ക്കും മാതൃക സണ്‍ഡേ സ്കൂളുകള്‍, ലൈബ്രറി, മിഷന് ലീഗ് യൂണിറ്റ്, അള്‍ത്താര ബാലസഖ്യം എന്നിവയ്ക്കും സമ്മാനങ്ങള്‍ നല്‍കും.
ലോഗോസ് ക്വിസ്, മിഷന് ക്വിസ് വിജയികള്‍ക്കും സമ്മേളനത്തില്‍ സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നല്‍കും. വിശ്വാസജീവിത പരിശീലന രംഗത്തെക്കുറിച്ച് നടത്തിയ ഓണ്‍ലൈന്‍ സര്‍വെയിലെ കണ്ടെത്തലുകള്‍ ബിനോ ജോസ് പെരുന്തോട്ടം അവതരിപ്പിക്കും.
വാര്‍ഷിക സമ്മേളനത്തെത്തുടര്‍ന്ന് പ്രധാന അധ്യാപകര്‍, സ്റ്റാഫ് സെക്രട്ടറിമാര്‍, ഫൊറോനാ സെക്രട്ടറിമാര്‍, രൂപതാ ആനിമേറ്റര്‍മാര്‍, മിഷന് ലീഗ് ഓര്‍ഗനൈസിംഗ് എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരുടെ സംയുക്ത സമ്മേളനം നടക്കും.