മുന്നറിയിപ്പില്ലാതെ റോഡ് അടച്ചതായി പരാതി
1424764
Saturday, May 25, 2024 3:55 AM IST
ഉപ്പുതറ: മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി കട്ടപ്പന - കുട്ടിക്കാനം സംസ്ഥാന പാതയിലെ പരപ്പ് - ആലടി റോഡ് മുന്നറിയിപ്പില്ലാതെ അടച്ചതിൽ വ്യാപക പ്രതിഷേധം. വീതികൂട്ടുന്നതിന് പാറ പൊട്ടിക്കുന്പോൾ ഉണ്ടാകാനിടയുള്ള അപകടാവസ്ഥ ഒഴിവാക്കാൻ ഒന്നു മുതൽ 15 വരെയാണ് റോഡ് അടച്ചിടാൻ തീരുമാനിച്ചത്. എന്നാൽ, പണി തീരാത്തതിനാൽ ഏഴു ദിവസം കൂടി അടച്ചിടാൻ തീരുമാനിക്കുകയായിരുന്നു.
രണ്ടു പ്രാവശ്യവും കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടിവ് എൻജിനിയർ മാധ്യമങ്ങളിൽ അറിയിപ്പും നൽകിയിരുന്നു. ഇതനുസരിച്ച് 23 മുതൽ റോഡ് ഗതാഗതത്തിന് തുറന്നു കൊടുക്കേണ്ടതായിരുന്നു. എന്നാൽ, വ്യാഴാഴ്ചയും റോഡ് തുറന്നുകൊടുത്തില്ല. പ്രതിഷേധം വ്യാപകമായതോടെ ഇടക്കിടക്ക് ഏതാനും വാഹനങ്ങൾ കടത്തിവിട്ടു.
എന്നാൽ, സർവീസ് ബസുകൾ ഉൾപ്പെടെയുള്ള മറ്റു വാഹനങ്ങൾ വഴിതിരിച്ചു വിട്ടു. വാഹനം തിരിച്ചുവിട്ട മേരികുളം - കൂരാന്പാറ - ആലടി റോഡ് മുഴുവൻ തകർന്നു. റോഡിലെ കുഴികളും ഇരുവശങ്ങളിലെ ഗർത്തങ്ങളും മക്കിട്ട് നികത്താൻ തയ്യാറാകാതെയാണ് ഒരു വാഹനത്തിനു മാത്രം കഷ്ടിച്ച് കടന്നു പോകാവുന്ന റോഡിലൂടെ വാഹനം വഴി തിരിച്ചുവിട്ടിരിക്കുന്നത്.
ഗതാഗതം നിരോധിച്ചിട്ടും വേഗത്തിൽ പണി നടത്തുന്നതിലും ഗുരുതര വീഴ്ചയാണു വരുത്തിയത്. ആവശ്യമായ യന്ത്ര - വാഹന സാമഗ്രികൾ നിർമാണത്തിന് എത്തിച്ചില്ല. കലുങ്ക് പണി, കൽക്കെട്ട് അടക്കം മറ്റു ഭാഗങ്ങളിലെ എല്ലാ പ്രവൃത്തികളും ഇഴഞ്ഞിഴഞ്ഞാണ് നീങ്ങുന്നത്.
ഇക്കാര്യത്തിൽ കൃത്യമായ മേൽനോട്ടം വഹിക്കുന്നതിലും വ്യക്തമായ നിർദ്ദേശം നൽകുന്നതിലും അധികൃതരും തയാറാകുന്നില്ല. ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് ലംഘിച്ച് റെഡ് അലർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിലും ചപ്പാത്ത് അടക്കമുള്ള ഭാഗങ്ങളിൽ പാറ ഘനനം നടത്തിയിട്ടും ഒരു നടപടിയും ഉണ്ടായില്ല.
പണികൾ വേഗത്തിലാക്കാനും ഗതാഗത തടസം ഉണ്ടാക്കാതിരിക്കാനും ജില്ലാ ഭരണകൂടം ഇടപെടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.