ലോക്കാട് ഗ്യാപ്പ് റോഡിൽ വീണ്ടും യുവാക്കളുടെ അഭ്യാസ പ്രകടനം
1429181
Friday, June 14, 2024 3:43 AM IST
മൂന്നാർ: ഗതാഗതനിയമങ്ങൾ ലംഘിച്ച് ലോക്കാട് ഗ്യാപ്പിൽ വീണ്ടും വാഹനത്തിൽ യുവാക്കളുടെ അഭ്യാസ പ്രകടനം. അപകടകരമായ രീതിയിൽ വാഹനത്തിൽനിന്ന് തലയും ശരീരവും പുറത്തിട്ട് യാത്ര ചെയ്ത യുവാക്കൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടികൾ എടുത്ത് ഒരാഴച തികയും മുന്‍പാണ് വീണ്ടും യുവാക്കളുടെ സാഹസിക യാത്ര.
പത്തനംതിട്ട ജില്ലയിൽ രജിസ്ട്രേഷൻ ചെയ്ത കാറിലായിരുന്നു യുവാക്കൾ യാത്ര ചെയ്തിരുന്നത്. പിൻ സീറ്റിൽ ഇരുന്ന യുവാവ് തലയും ശരീരവും പുറത്തിട്ട് മൊബൈലിൽ ചിത്രങ്ങൾ പകർത്തുന്ന ദൃശ്യങ്ങൾ പിന്നാലെ വന്ന വാഹനത്തിൽ പകർത്തുകയായിരുന്നു.
പത്തനംതിട്ട രജിസ്ട്രേഷൻ ആണെങ്കിലും കോഴിക്കോട് സ്വദേശിയാണ് വാഹനത്തിന്റെ ഉടമ. ദേശീയപാത നിർമാണം പൂർത്തിയായതോടെ വിശാലമായ റോഡ് കാണുന്നതോടെ ഇതിൽ ആകൃഷ്ടരാകുന്ന യുവാക്കളാണ് ഇത്തരത്തിൽ അപകടയാത്ര പതിവാക്കുന്നത്.
ദിവസങ്ങൾക്കു മുന്‍പാണ് സമാനമായ രീതിയിൽ ബൈസണ്‍വാലി സ്വദേശിയുടെ കാറിൽ യുവാക്കൾ ഗതാഗതനിമയങ്ങൾ ലംഘിച്ചു യാത്ര ചെയ്തത്. സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥർ നിർബന്ധിതരാവുകയായിരുന്നു.
കാർ ഡ്രൈവറുടെ ലൈസൻസ് ഒരു വർഷത്തേക്ക് മരവിപ്പിക്കുകയും വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദു ചെയ്യുകയും ചെയ്തിരുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സേവനം ചെയ്യണമെന്നു ശിക്ഷാനടപടികളും എടുത്തിരുന്നു. ഇതു കൂടാതെയാണ് ഇന്നലെ യുവാക്കളുടെ അഭ്യാസപ്രകടനം.