നിയന്ത്രണംവിട്ട കാർ വീടിനു മുറ്റത്തേക്ക് മറിഞ്ഞു
1429182
Friday, June 14, 2024 3:43 AM IST
മൂലമറ്റം: നിയന്ത്രണം വിട്ട കാർ വീടിനു മുറ്റത്തേക്ക് മറിഞ്ഞു. കാർ ഓടിച്ചിരുന്ന മലപ്പുറം സ്വദേശി അബ്ദുൾ റഹ്മാൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അറക്കുളം മൈലാടിയിൽ ഇന്നലെ ഉച്ച കഴിഞ്ഞ് 2.30 ഓടെയാണ് സംഭവം.
ഓലിക്കുന്നേൽ സണ്ണിയുടെ വീടിന്റെ മുറ്റത്തേക്കാണ് കാർ മറിഞ്ഞത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോൾ തിട്ടയിടിഞ്ഞ് കാർ മറിയുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസികളായ കൊല്ലിയിൽ ബിജു, ജോസ് എന്നിവർ ചേർന്നാണ് വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെത്തിച്ചത്.
ഇത് മൂന്നാമത്തെ തവണയാണ് ഇതേ വീടിന്റെ മുറ്റത്തേക്ക് വാഹനങ്ങൾ മറിയുന്നത്. വീടിന് ചോർച്ചയുള്ളതിനാൽ സണ്ണിയും കുടുംബവും സമീപത്ത് വാടകയ്ക്ക് താമസിക്കുകയാണ്. ഇവിടെ ക്രാഷ് ബാരിയർ സ്ഥാപിക്കണമെന്ന് നാട്ടുകാർ നിരന്തരമായി ആവശ്യപ്പെടുന്നതാണെങ്കിലും നടപടിയുണ്ടായിട്ടില്ല.