നാലു ലക്ഷം ഹെക്ടറിൽ ഡിജിറ്റൽ സർവേ പൂർത്തിയായി: മന്ത്രി കെ. രാജൻ
1430762
Saturday, June 22, 2024 3:22 AM IST
തൊടുപുഴ: കേരളത്തിൽ നാലു ലക്ഷം ഹെക്ടർ ഭൂമിയിൽ ഡിജിറ്റൽ സർവേ നടപടികൾ പൂർത്തിയായതായി മന്ത്രി കെ.രാജൻ. സർവേ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള മോഡൽ ഡിജിറ്റൽ സർവേ രാജ്യത്തിനാകെ മാതൃകാപരവും അഭിമാനകരവുമാണ്. വിവിധ സംസ്ഥാനങ്ങൾ കേരളാ മോഡൽ സർവേ നടപ്പാക്കുന്നതിന് മുന്നോട്ട് വന്നിരിക്കുകയാണ്.
ജനങ്ങൾ ഭൂമി സംബന്ധമായ ആവശ്യങ്ങൾക്ക് നിരവധി ഓഫീസുകൾ കയറിയിറങ്ങുന്നത് ഒഴിവാക്കുന്നതിന് താലൂക്ക് തലത്തിൽ സർവേ ഓഫീസുകൾ ആരംഭിക്കുന്നതും വില്ലേജ് തലത്തിൽ സർവേ ജീവനക്കാരെ നിയോഗിക്കുന്നതും സർക്കാരിന്റെ പരിഗണനയിലാണ്.
സർക്കാർ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും കേരളത്തിന്റെ കഴുത്തു ഞെരിക്കുന്ന കേന്ദ്ര സർക്കാരിന്റെ ഭരണഘടനാ വിരുദ്ധ നിലപാടിനെതിരെ യുദ്ധം ചെയ്താണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർവീസിൽനിന്നും വിരമിച്ച ജോയിന്റ് കൗണ്‍സിൽ ചെയർമാൻ കെ. ഷാനവാസ് ഖാന് മന്ത്രി ഉപഹാരം നൽകി. എസ്എഫ്എസ്എ സംസ്ഥാന പ്രസിഡന്റ് സി. സുധാകരൻപിള്ള അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാസെക്രട്ടറി കെ. സലിംകുമാർ, ജോയിന്റ് കൗണ്‍സിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ,
എസ്എഫ്എസ്എ ചെയർമാൻ കെ.പി. ഗോപകുമാർ, ജനറൽ കണ്‍വീനർ കെ.എസ്. രാഗേഷ്, പി.എസ്. സന്തോഷ്കുമാർ, കെ. മുകുന്ദൻ, ആർ. രമേശ്, ഡി. ബിനിൽ, പി. ശ്രീകുമാർ, കെ.വി. സാജൻ, കെ.കെ. പ്രമോദ്, തന്പിപോൾ, എം.ഡി.ബിജു എന്നിവർ പ്രസംഗിച്ചു.