തെരുവുനായയെ റെസ്ക്യൂ ടീം ഏറ്റെടുത്തു
1437680
Sunday, July 21, 2024 3:20 AM IST
നെടുങ്കണ്ടം: നെടുങ്കണ്ടം ടൗണില്‍ മാംസം ഇളകിപ്പോയതിനെത്തുടര്ന്ന് അസ്ഥിമാത്രമായ കൈയുമായി ചോരയൊലിപ്പിച്ച് നടന്നിരുന്ന തെരുവുനായയെ തൊടുപുഴ ആസ്ഥാനമായ റെസ്ക്യൂ ടീം ഏറ്റെടുത്ത് ചികിത്സയ്ക്കായി കൊണ്ടുപോയി.
60 പേരടങ്ങുന്ന സേവ് ദി ആനിമല്‍സ് എന്ന കൂട്ടായ്മയിലെ അംഗങ്ങളായ രണ്ടുപേരാണ് നെടുങ്കണ്ടത്ത് എത്തി നായയെ കൊണ്ടുപോയത്. നായയെക്കുറിച്ചുള്ള വാര്‍ത്ത ദീപിക റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് തൊടുപുഴയില്‍നിന്നു സേവ് ദി ആനിമല്‍സ് പ്രവര്‍ത്തകരെത്തി ഏറ്റെടുത്തത്.
ഇതേസമയം നായയുടെ ചികിത്സാച്ചെലവുകള്‍ നെടുങ്കണ്ടം പഞ്ചായത്ത് അടുത്തദിവസം തന്നെ ഇവര്‍ക്ക് നല്‍കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.