വീടുകൾ മുനന്പിൽ; മലയോര ഹൈവേ നിർമാണം മന്ദഗതിയിൽ
1437964
Sunday, July 21, 2024 11:30 PM IST
കട്ടപ്പന: മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി മുനന്പുകളിലായ വീടുകളിലേക്കു കയറിൽ വലിഞ്ഞുകയറുകയാണ് വീട്ടുകാർ. കാഞ്ചിയാർ പാലക്കട ലബ്ബക്കട ഭാഗത്ത് ഓടനിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായതോടെയാണ് വീട്ടുകാർ പ്രതിസന്ധിയിലായത്.
ഓട നിർമാണത്തിന്റെ പേരിൽ വീടുകളിലേക്കുള്ള വഴി പൊളിച്ചുമാറ്റിയിട്ട് മൂന്നുമാസം ആയിട്ടും പുനർനിർമിച്ച് നൽകുകയോ മറ്റ് സംവിധാനമോ ഏർപ്പെടുത്തിയിട്ടില്ല .
ഈ ഭാഗത്തുള്ളവർ വാഹനങ്ങൾ റോഡ് സൈഡിൽ പാർക്ക് ചെയ്യേണ്ട അവസ്ഥയിലാണ്. വഴിയിൽ വാഹനാപകടങ്ങളും പതിവായി. രാത്രി കാലങ്ങളിൽ അമിത വേഗത്തിൽ എത്തുന്ന വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത.് കഴിഞ്ഞ ആഴ്ച മൂന്നോളം വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടു.
കരാറുകാരോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും നിരവധി തവണ പരാതി പറഞ്ഞിട്ടും പരിഹാരമുണ്ടായിട്ടില്ല. വിദ്യാർഥികൾക്ക് സ്കൂളിൽ പോകാനും കിടപ്പുരോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാനും പോലും സാധിക്കാത്ത അവസ്ഥയാണ്.
വീടുകളിലേക്ക് പലക ഇട്ട് കയറുവലിച്ചാണ് ഇപ്പോൾ കയറുകയും ഇറക്കുകയും ചെയ്യുന്നത്. ഈ സാഹചര്യത്തിൽ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ