നാലു പേർക്കു തെരുവുനായയുടെ കടിയേറ്റു
1452011
Monday, September 9, 2024 11:46 PM IST
കട്ടപ്പന: കാഞ്ചിയാർ ലബ്ബക്കടയിലും പരിസരങ്ങളിലും ഭീതിവിതച്ച് തെരുവുനായ്ക്കൾ. സ്കൂൾ വിദ്യാർഥിയടക്കം നാലു പേർക്ക് തെരുവുനായയുടെ കടിയേറ്റു.
നാളുകളായി മേഖല തെരുവുനായ ഭീഷണിയിലാണ്. രാവിലെയും വൈകുന്നേരങ്ങളിലും അലഞ്ഞുതിരിയുന്ന തെരുവ് നായ്ക്കളാണ് അക്രമണം നടത്തുന്നത്. ഞായറാഴ്ച ലബ്ബക്കടയിൽ കാഞ്ചിയാർ സ്വദേശി അഖിൽ എന്ന യുവാവിന് തെരുവുനായയുടെ കടിയേറ്റിരുന്നു.
തിങ്കളാഴ്ച രാവിലെ പെരിയൻകവലയിൽ പരീക്ഷ എഴുതാൻപോയ പ്ലസ് ടു വിദ്യാർഥി മരുതുങ്കൽ സൗമ്യ ബാബുവിനും പച്ചനാംകുഴിയിൽ കെ.എം. സുമയ്ക്കും തെരുവുനായയുടെ കടിയേറ്റു. തെരുവുനായയുടെ ആക്രമണമറിഞ്ഞ് സ്ഥലത്തെത്തിയ കാഞ്ചിയാർ പഞ്ചായത്ത് അംഗം റോയി എവറസ്റ്റിനും കടിയേറ്റു.
സൗമ്യ ബാബുവിന്റെ കാലിനു മാരകമായി പരിക്കേറ്റു. സുമയുടെ കൈക്കും റോയ് എവറസ്റ്റിന്റെ കാലിനുമാണ് കടിയേറ്റത്.
മൂവരെയും കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനുഷ്യർക്ക് പുറമേ വളർത്തുമൃഗങ്ങളും ആക്രമണത്തിന് ഇരയായി.
ആക്രമണം നടത്തിയ തെരുവുനായക്ക് പേവിഷബാധയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വിഷയത്തിൽ സർക്കാരിന്റെ അടിയന്തര നടപടിയുണ്ടാവണമെന്ന ആവശ്യം ശക്തമാണ്.