അവധിദിനങ്ങൾ ആഘോഷിക്കാൻ സഞ്ചാരികൾ ഒഴുകിയെത്തി
1461113
Tuesday, October 15, 2024 12:37 AM IST
തൊടുപുഴ: നവരാത്രിയോടനുബന്ധിച്ചുള്ള അവധി ദിനങ്ങളിൽ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ വൻ പ്രവാഹം. ഇതര സംസ്ഥാനങ്ങളിൽനിന്നുൾപ്പെടെ ഒട്ടേറെ വിനോദസഞ്ചാരികൾ പൂജാ അവധിയോടനുബന്ധിച്ച് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ എത്തി.
11 മുതൽ 13 വരെയുള്ള അവധിദിവസങ്ങളിൽ ജില്ലയിൽ ഡിടിപിസിയുടെ കീഴിലുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ മാത്രം 76,913 പേരാണ് സന്ദർശനം നടത്തിയത്. 11ന് 17,359 പേരും മഹാനവമി ദിനത്തിൽ 35,270 പേരും വിജയദശമി ദിനത്തിൽ 24,284 പേരുമാണ് വിവിധ ഇടങ്ങൾ സന്ദർശിച്ചത്. മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും അനുകൂലമായ കാലാവസ്ഥയാണ് സന്ദർശകർക്ക് ഗുണകരമായത്.
ജില്ലയിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിയത് വാഗമണ്‍ മൊട്ടക്കുന്നിലാണ്. 23,516 പേരാണ് ഇവിടെ സന്ദർശനം നടത്തിയത്. അഡ്വഞ്ചർ പാർക്കിൽ 22,038 പേരുമെത്തി.
മാട്ടുപ്പെട്ടി- 1835, രാമക്കൽമേട് - 6550, അരുവിക്കുഴി - 837, ശ്രീനാരായണപുരം - 3600, പാഞ്ചാലിമേട് - 5972, ഇടുക്കി ഹിൽവ്യൂ പാർക്ക് - 4103, മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ - 5327, ആമപ്പാറ- 3135 എന്നിങ്ങനെയാണ് മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തിയവരുടെ കണക്ക്.
ഏതാനും മാസങ്ങളായി അടച്ചിട്ടിരുന്ന വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജ് വീണ്ടും തുറന്നതും ഇവിടെ തിരക്ക് കൂടാൻ കാരണമായി. മൂന്നു ദിവസങ്ങളിലായി 4,280 പേരാണ് ഇന്ത്യയിലെ ഏറ്റവും വലിയ കാൻഡി ലിവർ കണ്ണാടിപ്പാലത്തിൽ കയറി കാഴ്ചകൾ ആസ്വദിച്ചത്. പാലത്തിൽ കയറുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ ഒട്ടേറെ പേർക്ക് ഇതിൽ കയറാനാവാതെ നിരാശരായി മടങ്ങേണ്ടിവന്നു.
ഇതിനു ുറമേ ജില്ലയിലെ വനംവകുപ്പിന്റെ കീഴിലുള്ള കേന്ദ്രങ്ങളിലും ഹൈഡൽ ടൂറിസം കേന്ദ്രങ്ങളിലും എത്തിയ സഞ്ചാരികളും ഏറെയാണ്. അവധി ദിവസങ്ങൾക്കു ശേഷവും സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നുണ്ട്. ഇതിനിടെ മൂന്നാർ, വാഗമണ്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള പാതകളിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. വാഗമണ്ണിലേയ്ക്കുള്ള പാതകളിലാണ് ഏറെ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. വാഗമണ്ണിലേക്കുള്ള ഈരാറ്റുപേട്ട -വാഗമണ്‍, കാഞ്ഞാർ -പുള്ളിക്കാനം -വാഗമണ്‍, മൂലമറ്റം -പുള്ളിക്കാനം -വാഗമണ്‍, ഏലപ്പാറ -വാഗമണ്‍ എന്നി റൂട്ടുകളിൽ ഏറെ സമയമെടുത്താണ് വാഹനങ്ങൾ കടന്നു പോയത്.
അതേസമയം ഇത്തവണ ശനി, ഞായർ ഉൾപ്പെടെ മൂന്നു ദിവസം മാത്രമാണ് പൂജാ അവധി ഉണ്ടായിരുന്നത്. വെള്ളിയാഴ്ച പൊതു അവധി നൽകിയിരുന്നെങ്കിലും പ്രഖ്യാപനം വൈകിയായതിനാൽ പലർക്കും യാത്ര പ്ലാൻ ചെയ്യാനായില്ല. മഹാനവമി ദിനമായിരുന്ന ശനിയാഴ്ചയാണ് കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. ഇനി ദീപാവലിയോടനുബന്ധിച്ചും ജില്ലയിലേക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ സഞ്ചാരികളുടെ വലിയ ഒഴുക്ക് പ്രതീക്ഷിക്കുന്നതായി ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് പറഞ്ഞു.