നെടുങ്കണ്ടം ജില്ലാ ആശുപത്രി എന്നാകും? കെട്ടിടനിര്‍മാണം എങ്ങുമെത്തിയിട്ടില്ല
1466417
Monday, November 4, 2024 4:12 AM IST
നെടുങ്കണ്ടം: ചെറുതോണിയിലുണ്ടായിരുന്ന ഇടുക്കി ജില്ലാ ആശുപത്രി ഇടുക്കി സർക്കാർ മെഡിക്കൽ കോളജായി മാറ്റിയതോടെ നെടുങ്കണ്ടം താലൂക്കാശുപത്രി ജില്ലാ ആശുപത്രിയായി പ്രഖ്യാപിച്ചെങ്കിലും കെട്ടിടനിര്‍മാണം പോലും പൂർത്തിയാക്കാനായിട്ടില്ല. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തി 2019 ല്‍ പ്രഖ്യാപനം ഉണ്ടായതിനെത്തുടര്‍ന്നാണ് ആശുപത്രിക്കായി പുതിയ കെട്ടിടം നിര്‍മിക്കുന്നതിന് ഫണ്ട് അനുവദിച്ചത്.
59.30 കോടി രൂപയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചത്. കൂടാതെ മറ്റ് അനുബന്ധ സൗകര്യങ്ങള്‍ക്കായി 80 കോടി രൂപ അനുവദിക്കുമെന്നും പ്രഖ്യാപനം നടത്തിയിരുന്നു. താലൂക്ക് ആശുപത്രിക്ക് സമീപം ഏഴ് നിലകളുള്ള രണ്ട് കെട്ടിടങ്ങളാണ് നിര്‍മിക്കുന്നത്.
2020 ഫെബ്രുവരിയില്‍ ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്ത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുമെന്നാണ് പറഞ്ഞിരുന്നത്. 150 കിടക്കകളും സ്പെഷാലിറ്റി സൗകര്യങ്ങളും ഉള്‍പ്പടെയുള്ളവയാണ് വിഭാവന ചെയ്തിരുന്നത്. എന്നാല്‍, ജില്ലാ ആശുപത്രിയുടെ പ്രഖ്യാപനം അഞ്ച് വര്‍ഷത്തോട് അടുത്തിട്ടും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പകുതിപോലും ആയിട്ടില്ല. ഒരു കെട്ടിടത്തിന്റെ 90 ശതമാനം പണികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. രണ്ടാമത്തെ കെട്ടിടത്തിന്റെ നിര്‍മാണം എങ്ങുമെത്തിയിട്ടില്ല.
നിലവിലുണ്ടായിരുന്ന രണ്ട് കെട്ടിടങ്ങള്‍ പൊളിച്ചാണ് പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഒപി ബ്ലോക്ക്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, കാരുണ്യ ഫാര്‍മസി, കാന്റീന് എന്നിവയാണ് പൊളിച്ചുനീക്കിയത്. ഈ വിഭാഗങ്ങള്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കെട്ടിടത്തിലേക്ക് താത്കാലികമായി മാറ്റിയിരുന്നു.
എന്നാല്‍, വേണ്ടത്ര സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവിടെയെത്തുന്ന രോഗികള്‍ക്ക് വലിയ ബുദ്ധിമുട്ടുകളാണ്. കെട്ടിടം പൊളിച്ചതോടെ ഐപി വിഭാഗത്തിന്റെ പ്രവര്‍ത്തനവും താറുമാറായി. രോഗികളെ കിടത്തിച്ചികിത്സിക്കാന്‍ വേണ്ടത്ര സൗകര്യം ഇപ്പോഴില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഐപി ബ്ലോക്കും പരിസരവും പൊടിപടലങ്ങള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ആശുപത്രിയില്‍ സൗകര്യങ്ങള്‍ ലഭ്യമല്ലാതായതോടെ തോട്ടം തൊഴിലാളികളും സാധാരണ കര്‍ഷകരുമടങ്ങിയ ബഹു ഭൂരിപക്ഷം ജനങ്ങളും തമിഴ്നാട്ടിലെ തേനി മെഡിക്കല്‍ കോളജ്, കോട്ടയം മെഡിക്കല്‍ കോളജ്, സ്വകാര്യ ആശുപത്രികള്‍ എന്നിവയെയാണ് ആശ്രയിക്കുന്നത്. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ചികിത്സ ലഭിക്കാന്‍ 50 മുതല്‍ 150 കിലോമീറ്റര്‍ വരെ പോകേണ്ടതായി വരുന്നു.
നിര്‍മാണ കമ്പനിക്ക് യഥാസമയം പണം നല്‍കാത്തതാണ് നിര്‍മാണം ഇഴഞ്ഞുനീങ്ങാന്‍ കാരണമെന്ന് പറയപ്പെടുന്നു. 10ല്‍ താഴെ ഇതരസംസ്ഥാന തൊഴിലാളികള്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെ ജോലിക്കുള്ളത്. ഈ സ്ഥിതി തുടര്‍ന്നാല്‍ ഇനിയും ഒരഞ്ചുവര്ഷം കൂടി കഴിഞ്ഞാലും കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നാണ് നാട്ടുകാരുടെ സംസാരം.