ജലസ്രോതസിനു സമീപം വന്‍തോതില്‍ മാലിന്യം തള്ളി
1466728
Tuesday, November 5, 2024 7:26 AM IST
തൊടുപുഴ: മലങ്കര ജലാശയത്തിനു സമീപം എംവിഐപി വക സ്ഥലത്ത് വാഹനത്തിലെത്തിച്ച മാലിന്യം തള്ളിയതായി പരാതി. ആലക്കോട് പഞ്ചായത്തിലെ ആനക്കയം ഭാഗത്താണ് കഴിഞ്ഞ ദിവസം വന്‍തോതില്‍ മാലിന്യം തള്ളിയത്. പ്രകൃതിമനോഹര സ്ഥലമായതിനാല്‍ നിരവധിയാളുകള്‍ ഇവിടെയെത്താറുണ്ട്. ഏതാനും മീറ്റര്‍ മാറി വീടുകളുമുണ്ട്.
തൊടുപുഴ താലൂക്കിലെ പ്രധാന കുടിവെള്ള സ്രോതസാണ് മലങ്കര ജലാശയം. മഴ പെയ്താല്‍ മാലിന്യം ഇതില്‍ കലരാനുമിടയുണ്ട്. ഞായറാഴ്ച രാവിലെയാണ് പ്ലാസ്റ്റിക് ചാക്കുകളിലും കവറുകളിലും ഇവിടെ മാലിന്യം തള്ളിയത്. പിക്ക്അപ്പ് വാഹനത്തില്‍ മാലിന്യം എത്തിച്ചാണ് ഇവിടെ തള്ളിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി മാത്യുവും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യം പരിശോധിച്ച് വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. മാലിന്യം പരിശോധിച്ച് ഉത്തരവാദികളെ കണ്ടെത്താനും ശ്രമം നടത്തുന്നുണ്ട്. മാലിന്യം തള്ളിയവരെക്കുറിച്ച് സൂചനകള്‍ ലഭിച്ചതായാണ് വിവരം. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കണമെന്നും മാലിന്യം പ്രദേശത്തുനിന്നു നീക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.