സുഗന്ധം വിളയും ഭൂമിയില്‍ കണ്ണീര്ച്ചാല്
1466729
Tuesday, November 5, 2024 7:26 AM IST
ചൂഷണത്തിന്റെ മോഹവില-1 / ജെജിന് മാത്യു
അടിമാലി: കറുത്ത പൊന്നിന്റെയും സുഗന്ധവ്യഞ്ജനങ്ങളുടെയും നാടായാണ് ഇടുക്കി അറിയപ്പെടുന്നത്. വിദേശികള്‍ കേരളത്തിലെത്തിയത് സുഗന്ധവ്യഞ്ജനങ്ങള്‍ തേടിയായിരുന്നു. പ്രതികൂല കാലാവസ്ഥയോട് മല്ലടിച്ച് ഇടുക്കിയിലേക്ക് കുടിയേറ്റം നടത്തിയ ആദ്യകാല കര്‍ഷകര്‍ മണ്ണില്‍ പൊന്നുവിളയിച്ചു. കന്നിമണ്ണില്‍ ഏലവും കാപ്പിയും കുരുമുളകുമെല്ലാം നൂറുമേനി വിളവ് നല്കി.
സര് സിപിയുടെ കാലയളവില്‍ ഭക്ഷ്യക്ഷാമം പരിഹരിക്കാനായാണ് കുടിയേറ്റം പ്രോത്സാഹിപ്പിച്ചത്. ഇതിനായി കര്‍ഷകരെ ജില്ലയുടെ പല ഭാഗങ്ങളിലും കുടിയിരുത്തി. എന്നാല്‍ വ്യാപകമായ കീടബാധയും കാലാവസ്ഥാ വ്യതിയാനവും വിലത്തകര്‍ച്ചയും മൂലം സുഗന്ധം വിളയുന്ന ഭൂമി പിന്നീട് കര്‍ഷകരുടെ കണ്ണീര് വീണ ഇടമായി. സമീപനാളുകളിലെ അതിതീവ്രമഴയും പ്രളയവും ഉരുള്‍പൊട്ടലുമെല്ലാം ജില്ലയിലെ കര്‍ഷകരുടെ മോഹങ്ങള്‍ തല്ലിത്തകര്‍ക്കുകയാണ്. ഇതിനെയെല്ലാം അതിജീവിച്ച് കൃഷിയിറക്കുന്ന കര്‍ഷകര്‍ക്ക് എന്നും നഷ്ടത്തിന്റെ കണക്ക് മാത്രമാണ് പറയാനുള്ളത്.
കാര്‍ഷിക വിളകള്‍ക്ക് മികച്ച വില ലഭിക്കുന്നത് ഏതാനും വര്‍ഷങ്ങള്‍ കൂടുമ്പോഴാണ്. ഏലം, ജാതി, കൊക്കോ, കുരുമുളക് തുടങ്ങിയവയാണ് മലയോര മേഖലയില്‍ കൂടുതലായും കൃഷിചെയ്യുന്നത്. അതിനാല്‍ വിളവെടുത്ത് ഉടന്‍തന്നെ വിറ്റഴിക്കാതെ ഓരോരുത്തരും അവരവരുടെ ആവശ്യം കണ്ടറിഞ്ഞ് സൂക്ഷിച്ചു വയ്ക്കുകയാണ് പതിവ്. വിപണിയില്‍ മികച്ച വില ലഭിക്കുമ്പോള്‍ മാത്രമാണ് ഉത്പന്നം വിറ്റഴിക്കുന്നത്.
ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിൽനിന്നു വായ്പയെടുത്താണ് പലരും കൃഷിയിറക്കുന്നത്. അതിനാല്‍ നിശ്ചിത കാലയളവിനുള്ളില്‍ വിറ്റഴിക്കാനും കര്‍ഷകര്‍ പലപ്പോഴും നിര്‍ബന്ധിതരാകുകയും ചെയ്യും. ഇതിനിടെയാണ് മോഹനവാഗ്ദാനങ്ങള്‍ നല്കി തട്ടിപ്പുസംഘങ്ങള്‍ കര്‍ഷകരെ കെണിയില്‍പ്പെടുത്തുന്നത്.
അടുത്തനാളില്‍ അടിമാലി, പണിക്കന്‍കുടി, പാറത്തോട്, കൊമ്പൊടിഞ്ഞാല്‍, വെള്ളത്തൂവല്‍ പ്രദേശങ്ങളിലെ നൂറുകണക്കിനു ഏലം കര്‍ഷകരെ വന്‍ ചതിയില്‍പ്പെടുത്തി കോടികളാണ് തട്ടിയെടുത്തത്. മക്കളുടെ വിദ്യാഭ്യാസം, വിവാഹം, വീട് നിര്‍മാണം തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍കൂട്ടിക്കണ്ട് സൂക്ഷിച്ചുവച്ച ഏലക്കയാണ് കൊടുംചതിയിലൂടെ തട്ടിപ്പ് സംഘത്തിന്റെ കൈകളിലെത്തിയത്. ഇതോടെ ജീവിതം വഴിമുട്ടിയ നിരവധി കുടുംബങ്ങളില്‍ നിന്നുയരുന്നത് ദീനരോദനങ്ങളാണ്.
ചാണക്യതന്ത്രവുമായി തട്ടിപ്പുസംഘം
കാര്‍ഷികവിളകള്‍ക്ക് വില കുറഞ്ഞാല്‍ കര്‍ഷകരുടെ പ്രതീക്ഷകള്‍ അപ്പാടെ തകര്‍ന്നടിയും. ബാങ്കില്‍ നിന്നെടുത്ത വായ്പയുടെ പലിശപോലും തിരിച്ചടയ്ക്കാന്‍ കഴിയാതെ അവര്‍ നട്ടം തിരിയും. ഇത്തരം സാഹചര്യങ്ങളില്‍ കാര്‍ഷികവിളകളോ തോട്ടങ്ങളോ മൊത്തമായി ഏറ്റെടുത്ത് ഇടനിലക്കാര്‍ രംഗപ്രവേശം ചെയ്യും. എന്നാല്‍ ഇതിനു പിന്നിലുള്ള ചതിക്കുഴി കര്‍ഷകര്‍ തിരിച്ചറിയുന്നത് ഏറെ വൈകിയാകും.
കഴിഞ്ഞ വേനലില്‍ കൊടുംവരള്‍ച്ചയില്‍ ഇടുക്കിയില്‍ നിരവധി ഏലത്തോട്ടങ്ങളാണ് കരിഞ്ഞുണങ്ങിയത്. എങ്ങനെയും കൃഷി സംരക്ഷിച്ചുനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ വന്‍ തുക നല്കി ടാങ്കറില്‍ വെള്ളം എത്തിച്ചാണ് തോട്ടങ്ങള്‍ പരിപാലിച്ചു വന്നത്. എങ്കിലും കടുത്ത ചൂടിനെ പ്രതിരോധിക്കാനാകാതെ നിരവധി തോട്ടങ്ങളാണ് കരിഞ്ഞുണങ്ങിയത്. ഇതോടെ ഉത്പാദനം ഗണ്യമായി കുറയുകയും ഏലം വിപണിയില്‍ വില ഉയരുകയും ചെയ്തു. ഈ അവസരം മുതലെടുത്താണ് തട്ടിപ്പ് സംഘം ഹൈറേഞ്ചില്‍ ചാണക്യതന്ത്രം മെനഞ്ഞത്.
2023 സെപ്റ്റംബര്‍ 18നു എറണാകുളത്ത് രജിസ്റ്റര്‍ ചെയ്ത എന്ഗ്രീന് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ഹൈറേഞ്ചിലെ നൂറുകണക്കിനു കര്‍ഷകരെ ഏലക്ക തട്ടിപ്പിലൂടെ വന്‍ ദുരിതത്തിലേക്ക് തള്ളിവിട്ടത്. പത്തു ലക്ഷം രൂപയുടെ ഓഹരി നിക്ഷേപമുള്ള കമ്പനിയുടെ രജിസ്റ്റേര്‍ഡ് ഓഫീസ് പ്രവര്‍ത്തിക്കുന്നത് അടിമാലിയിലാണെന്നായിരുന്നു രേഖകളില്‍ വ്യക്തമാക്കിയിരുന്നത്. ഇതിനു പുറമേ പാലക്കാട് കരിമ്പ സ്വദേശി അമ്പാട്ട് മുഹമ്മദ് നസീര്‍, കുടയത്തൂര്‍ പുല്ലൂന്നുപാറയില് പി.എസ്. അശ്വതി എന്നിവരായിരുന്നു കമ്പനിയുടെ ഡയറക്ടര്‍മാര്‍. അടിമാലി വള്ളപ്പടിയിലാണ് മെയിന്‍ ഓഫീസും ഗോഡൗണും പ്രവര്‍ത്തിച്ചിരുന്നത്. ഇതിനു പുറമേ വെള്ളത്തൂവല്‍, കൊമ്പൊടിഞ്ഞാല്‍, രാജാക്കാട് കുരുവിള സിറ്റി എന്നിവിടങ്ങളില്‍ കളക്ഷന്‍ സെന്ററുകളും പ്രവര്‍ത്തിച്ചിരുന്നു.
മോഹവില നല്കി തട്ടിപ്പ്
വിപണിവിലയേക്കാള്‍ 1500 മുതല്‍ 2000 രൂപവരെ അധികംനല്‍കി ഏലക്ക സംഭരിച്ചായിരുന്നു തട്ടിപ്പിനു തുടക്കം. ഏലക്ക സംഭരിക്കുന്നതിനായി അടിമാലി കേന്ദ്രീകരിച്ച് ഓഫീസും കളക്ഷന്‍ സെന്ററും ആരംഭിച്ചു.
ആദ്യം ചെറിയ തോതില്‍ ഏലക്ക വാങ്ങി രൊക്കം പണം നല്‍കിയിരുന്നു. പിന്നീട് പണത്തിന് മൂന്നുദിവസം അവധി നല്കിയാല് 500 രൂപയും 15 ദിവസം അവധി നല്കിയാല് 1,000 രൂപയും ഒരുമാസം നല്കിയാല് 2000-2500 രൂപ വരെയും വിപണി വിലയേക്കാള്‍ അധികം നല്‍കാമെന്ന മോഹിപ്പിക്കുന്ന വാഗ്ദാനം കര്‍ഷകര്‍ക്കു നല്കി. വില കൂടുതല്‍ ലഭിക്കുമെന്നതിനാല്‍ വിവിധ പ്രദേശങ്ങളില്‍നിന്ന് കര്‍ഷകര്‍ ഏലക്കയുമായി സംഘത്തിനു മുന്നിലെത്തി. ദിനംപ്രതി 1000 മുതല്‍ 3,000 കിലോ വരെ ഏലക്ക വിവിധ കളക്ഷന്‍ സെന്ററുകളിലെത്തി.
വിപണിവിലയേക്കാള്‍ മെച്ചമായ വില ലഭിച്ചതോടെ കൂടുതല്‍ ലാഭം നേടാമെന്ന ആഗ്രഹത്തില്‍ കര്‍ഷകര്‍ക്കു പുറമേ ഇടനിലക്കാരായ ചിലര്‍ സ്വര്‍ണം പണയം വച്ചും പണം വായ്പ വാങ്ങിയും മറ്റുള്ളവരില്‍നിന്ന് ഏലക്ക വാങ്ങിയും തട്ടിപ്പുസംഘത്തിനു കൈമാറി. എന്നാല്‍ പെട്ടെന്നാണ് കാര്യങ്ങള്‍ തകിടം മറിഞ്ഞത്. പണം നല്‍കാമെന്നു പറഞ്ഞ ദിവസം തെറ്റിയതോടെ കര്‍ഷകരുടെ മനസില്‍ ആധിയേറി.
പണം ചോദിച്ചെത്തിയവരെ വാക്ചാതുരിയില് മയക്കി പറഞ്ഞയയ്ക്കുകയായിരുന്നു. പലര്‍ക്കും കൃത്യമായ ബില്ലും നല്‍കിയിരുന്നില്ല. ഇതിനിടെ കളക്ഷന്‍ സെന്ററുകളില്‍ പണം ചോദിച്ചെത്തുന്നവരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നു. കാര്യങ്ങള്‍ പന്തിയില്ലെന്നു കണ്ടതോടെ ഉടമ സ്ഥലത്തുനിന്നും മുങ്ങി. പിന്നീട് വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചായിരുന്നു കര്‍ഷകരുമായി ആശയവിനിമയം നടത്തിവന്നത്. ഈ സമയവും എല്ലാവരുടെയും പണം ഘട്ടംഘട്ടമായി നല്‍കാമെന്നായിരുന്നു വാഗ്ദാനം. ഇതു വിശ്വസിച്ച കര്‍ഷകര്‍ പണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ക്ഷമയോടെ കാത്തിരുന്നു.