ആനച്ചാല്‍ ടൗണില്‍ ഗതാഗതക്കുരുക്ക് രൂക്ഷം
1466924
Wednesday, November 6, 2024 4:11 AM IST
അടിമാലി: മൂന്നാറിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചതോടെ ആനച്ചാല്‍ ടൗണില്‍ ഗതാഗതക്കുരുക്ക് രൂക്ഷം. കാല്‍നട യാത്രികര്‍ക്കും ടൗണിലെ ഓട്ടോ -ടാക്സി തൊഴിലാളികള്‍ക്കുമൊക്കെ തിരക്കുള്ള ദിവസങ്ങളിലെ അഴിയാത്ത കുരുക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്.
ആനച്ചാല്‍ ഇരുട്ടുകാനം, ആനച്ചാല്‍ രണ്ടാംമൈല്‍, ആനച്ചാല്‍ മുതുവാന്‍കുടി റോഡുകള്‍ സംഗമിക്കുന്ന ടൗണിന് മധ്യഭാഗത്ത് പലപ്പോഴും വാഹനയാത്രികര്‍ തമ്മിലുള്ള വാക്ക് തര്‍ക്കം പതിവാണ്.
പാര്‍ക്കിംഗിന് മതിയായ ഇടമില്ലാത്തതാണ് ടൗണ്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം.
ടൗണിലൂടെ കടന്നു പോകുന്ന ബസുകള്‍ ആളുകളെ കയറ്റാനും ഇറക്കാനും പാടുപെടുന്നുണ്ട്. പാര്‍ക്കിംഗിന് ഇടമില്ലാതെ വാഹനങ്ങള്‍ നിര്‍ത്താതെ പോകുന്നത് വ്യാപാരികള്‍ക്കും തിരിച്ചടിയാണ്.
തിരക്കേറുന്ന സമയങ്ങളില്‍ ടൗണിലെ ഗതാഗതക്കുരുക്കഴിക്കാനുള്ള ഇടപെടല്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് ആവശ്യം.