അടിമാലിയിലെ ഏലക്ക തട്ടിപ്പ് : രണ്ടുപേർകൂടി അറസ്റ്റിൽ
1484749
Friday, December 6, 2024 4:33 AM IST
അടിമാലി: കർഷകരിൽനിന്ന് ഉയർന്ന വിലയ്ക്ക് ഏലക്ക വാങ്ങി പണം തട്ടിയെടുത്ത കേസിൽ രണ്ടുപേരെകൂടി ഇടുക്കി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. അടിമാലി മന്നാൻകാലയിൽ വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം സ്വദേശി തോന്നക്കൽ സന്തോഷ് (44), അടിമാലി കൂമ്പൻപാറ കുത്തുവാൻ വീട്ടിൽ അബ്ദുൽസലാം (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കേസിലെ പ്രധാന പ്രതി പാലക്കാട് സ്വദേശി മുഹമ്മദ് നസീറിനെ നേരത്തേ അടിമാലി പോലീസ് ആലപ്പുഴയിൽനിന്നു പിടികൂടിയിരുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയില് വാങ്ങി ചോദ്യം ചെയ്തതിനെ ത്തുടർന്നാണ് രണ്ടുപേർകൂടി അറസ്റ്റിലായത്.
ഇടുക്കി ജില്ലയിലെ പല കേന്ദ്രങ്ങളിലും ഏലക്ക സംഭരണ കേന്ദ്രങ്ങൾ ആരംഭിച്ച് മൊത്തമായും ചില്ലറയായും ഏലക്ക വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. വിപണി വിലയെക്കാൾ 1000 രൂപവരെ അധികം വിലയിട്ട് ഏലക്ക സംഭരിച്ച ശേഷമാണ് പണം നൽകാതെ കർഷകരെയും ഇടനിലക്കാരെയും വ്യാപാരികളെയും കബളിപ്പിച്ചത്.
കൊന്നത്തടി പഞ്ചായത്തിലെ പണിക്കൻകുടി കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തിൽ ഏലക്ക സംഭരിച്ചത്. ആദ്യഘട്ടത്തിൽ കൃത്യമായി പണം നൽകിയിരുന്നു. പിന്നീട് 30 മുതൽ 45 ദിവസത്തിനുള്ളിൽ പണം നൽകാമെന്നു പറഞ്ഞാണ് ഏലക്ക സംഭരിച്ച് ലോഡ് കയറ്റി അയച്ചത്.
കർഷകരേക്കാൾ അധികം ഇടനില വ്യാപാരികളാണ് കബളിപ്പിക്കപ്പെട്ടത്. പണം ലഭിക്കാനുള്ളവർ ഇടുക്കി ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നു. ഒരുലക്ഷം രൂപ മുതൽ 70 ലക്ഷം രൂപ വരെ പലർക്കും നഷ്ടമായിട്ടുണ്ട്.
എൻ ഗ്രീൻ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പു നടത്തിയത്. ഡിവൈഎസ്പി ടി.ബി. വിജയന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് ഡിവൈഎസ്പി പറഞ്ഞു.