ചരിത്രവിജയം നേടി തൃശൂർ ജനറൽ ആശുപത്രി
1565412
Saturday, June 7, 2025 1:00 AM IST
തൃശൂർ: ഹൃദ്രോഗചികിത്സയിൽ ചരിത്രംകുറിച്ച് ജനറൽ ആശുപത്രിയിലെ കാർഡിയോളജി വിഭാഗം. 48 വയസുള്ള സ്ത്രീക്കാണ് ആശുപത്രിയിൽ അട്രിയൽ സെപ്റ്റൽ ഡിഫെക്ട് (എഎസ്ഡി) ഡിവൈസ് ക്ലോഷർ എന്ന ഹൃദയശസ്ത്രക്രിയ വിജയകരമായി നടത്തിയത്.
ജന്മനാ ഹൃദയഭാഗത്ത് ഉണ്ടാകുന്ന ദ്വാരം ഒരു ഉപകരണംവച്ച് അടയ്ക്കുന്ന അപൂർവമായിട്ടുള്ള ശസ്ത്രക്രിയയ്ക്കു കീഹോൾ ശസ്ത്രക്രിയാരീതിയാണ് സ്വീകരിച്ചത്. 2022 ഏപ്രിൽ 20 ന് ആരംഭിച്ച തൃശൂർ ജനറൽ ആശുപത്രിയിലെ കാത്ത്ലാബിൽ നടത്തിയ വിജയകരമായ 3500 ഓളം ശസ്ത്രക്രിയകളിൽ വേറിട്ടതായിരുന്നു ഈ അപൂർവശസ്ത്രക്രിയ.
കണ്‍സൾട്ടന്റ് കാർഡിയോളജിസ്റ്റുമാരായ ഡോ. എ. കൃഷ്ണകുമാർ, ഡോ. വിവേക് തോമസ് എന്നിവരാണ് ശസ്ത്രക്രിയ നയിച്ചത്. ഡോ. ആദർശ്, ഡോ. അശ്വതി, കാത്ത്ലാബ് ടെക്നീഷൻമാരായ ദിവ്യ, ശ്രീലക്ഷ്മി, നഴ്സിംഗ് ഓഫീസർമാരായ ജിന്റോ, ശ്രുതി, ഷഹീദ എന്നിവരടങ്ങിയ സംഘത്തിന്റെ കഠിനപ്രയത്നമാണ് വിജയപൂർത്തീകരണത്തിനു പിന്നിൽ. ഡോ. ആന്റണി പാത്താടൻ, ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോൾ പനയ്ക്കൽ എന്നിവർ എല്ലാ സംവിധാനങ്ങളും പിന്തുണയും വിദഗ്ധോപദേശങ്ങളും നൽകിയത് ഉയർന്ന നിലവാരമുള്ള ചികിത്സ വിജയകരമാക്കാൻ നിർണായകമായ പങ്ക് വഹിച്ചുവെന്നു ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയവർ പറഞ്ഞു.
സാധാരണക്കാർക്കും ഉയർന്ന നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുന്നവിധത്തിൽ സർക്കാർ ആശുപത്രികളെ ശക്തിപ്പെടുത്തിയതിന്റെ ഉദാഹരണമാണ് ഈ വിജയമെന്ന് അഭിപ്രായപ്പെട്ട മേയർ എം.കെ. വർഗീസ് സംഘത്തെ അഭിനന്ദിച്ചു.