പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദമാണ് ദീപിക: ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
1565416
Saturday, June 7, 2025 1:00 AM IST
ഇരിങ്ങാലക്കുട: സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ പക്ഷംനിന്ന് അവരുടെ ശബ്ദമായി അവര്‍ക്കുവേണ്ടി എന്നും നിലകൊണ്ട പത്രമാണ് ദീപികയെന്നു ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട മേഖലയില്‍നിന്നും എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങളെയും വിദ്യാര്‍ഥികളെയും ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
കര്‍ഷകര്‍ക്കുവേണ്ടി, നീതിക്കുവേണ്ടി, സത്യത്തിനുവേണ്ടി, തിന്മയ്ക്കെതിരേ എന്നും പോരാടിയ ചരിത്രമാണ് ദീപികയ്ക്കുള്ളത്. വിദ്യാഭ്യാസ സാമൂഹിക മേഖലകളില്‍ ഏവര്‍ക്കും പ്രചോദനമാകുവാനും ദീപികയ്ക്കു സാധിച്ചിട്ടുണ്ടെന്നു ബിഷപ് കൂട്ടിച്ചേര്‍ത്തു.
സെന്റ് ജോസഫ്സ് കോളജില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, ദീപിക ഫ്രണ്ട്സ് ക്ലബ് രൂപത പ്രസിഡന്റ് ജോസഫ് വാസുപുരത്തുകാരന്‍, ദീപിക മാര്‍ക്കറ്റിംഗ് കോ- ഓര്‍ഡിനേറ്റര്‍ ഫാ. ജിയോ ചെരടായി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ദീപിക കോ ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ഫാ. റിന്റോ പയ്യപ്പിള്ളി സ്വാഗതവും റിപ്പോര്‍ട്ടര്‍ ഷോബി കെ. പോള്‍ നന്ദിയും പറഞ്ഞു.
എഡ്യുപോര്‍ട്ട് ഫാക്കല്‍റ്റി ബിലാല്‍ മുഹസിന് ക്ലാസ് നയിച്ചു.