ശാസ്താംപൂവം ആദിവാസി ഉന്നതിയില്‍ ഹരിതവത്്കരണപദ്ധതി നടപ്പാക്കുന്നു
1565076
Thursday, June 5, 2025 7:01 AM IST
വെള്ളിക്കുളങ്ങര: കാടര്വിഭാഗക്കാര് താമസിക്കുന്ന വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി ഉന്നതിയില്‍ വേനല്‍ക്കാലത്ത് അനുഭവപ്പെടുന്ന ജലക്ഷാമത്തിന് പരിഹാരം കാണാന്‍ ഹരിതവത്്കരണം നടപ്പാക്കുന്നു. വനംവകുപ്പ്, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ശാസ്ത്രസാഹിത്യപരിഷത്ത്, മറ്റത്തൂര്‍ പഞ്ചായത്ത്, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായി ഉന്നതിയിലെ അമ്പതേക്കറോളം വരുന്ന ഭൂമിയില്‍ വിവിധതരം വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കും. വനത്തിനു നടുവിലുള്ള ഉന്നതിയില്‍ കാട്ടാനകളെ ആകര്‍ഷിക്കാനിടയുള്ള ഫലവൃക്ഷങ്ങള്‍ ഒഴിവാക്കി മറ്റ് ഇനങ്ങളിലുള്ള വൃക്ഷങ്ങളാണു നടുന്നത്. മഴക്കാലത്ത് ഉന്നതിയിലെ ഭൂമിയില്‍നിന്ന് മേല്‍മണ്ണ് ഒലിച്ചുപോകുന്നതു തടയാനും പദ്ധതി നടപ്പാക്കുന്നതിലൂടെ സാധിക്കും.
ഹരിതവത്കരണ പദ്ധതിയുടെ ഭാഗമായി ഉന്നതിയിലെ ഒഴിഞ്ഞ സ്ഥലങ്ങളില്‍ വൃക്ഷതൈകള്‍ നട്ടു. പീച്ചിയിലെ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞന് ഡോ. ടി.വി. സജീവ്, വനംവകുപ്പിനു കീഴിലെ വനവികസന വിഭാഗം ചാലക്കുടി ഡിവിഷണല്‍ കോ-ഓഡിനേറ്റര്‍ പ്രസീദ എന്നിവര്‍ വൃക്ഷതൈ നട്ടു.
പഞ്ചായത്തംഗം ചിത്ര സുരാജ്, കേരള ശാസ്ത്രസാഹിത്യപരിഷത്ത് ജില്ല കമ്മിറ്റി അംഗം എം.കെ. ബാബു, കൊടകര മേഖല ജോയിന്റ് സെക്രട്ടറി കെ.കെ. അനീഷ്കുമാര്‍, സാമൂഹിക പ്രവര്ത്തകന് ജോയ് കാവുങ്ങല്‍, ഊരുമൂപ്പന് സേവ്യര്‍, ആനപ്പാന്തം വനവികസനസമതി സെക്രട്ടറി വിനോദ് എന്നിവര്‍ പ്രസംഗിച്ചു.