ഇടിയഞ്ചിറ: താത്കാലിക വളയം ബണ്ടുകൾ ഉടൻ പൊട്ടിച്ചുനീക്കും
1564426
Tuesday, June 3, 2025 1:21 AM IST
പാവറട്ടി: ഇടിയഞ്ചിറ റെഗുലേറ്ററിനുസമീപത്തെ താത്കാലിക വളയം ബണ്ടുകൾ ഉടൻ പൊട്ടിച്ചുനീക്കാൻ തീരുമാനം. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു മണലൂർ എംഎൽഎയുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തരയോഗം ചേർന്നാണ് തീരുമാനമെടുത്തത്.
ഇന്നു രാവിലെമുതൽ ബണ്ട് പൊട്ടിച്ചുതുടങ്ങണമെന്നും ആവശ്യമായ യന്ത്രസാമഗ്രികൾ ഉടൻതന്നെ എത്തിക്കുമെന്നും എംഎൽഎ പറഞ്ഞു. താത്കാലിക ബണ്ട് പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ മുൻകരുതൽ സ്വീകരിക്കാൻ പോലീസിനും അഗ്നിശമനസേനയ്ക്കും എംഎൽഎ നിർദേശം നൽകി.
മുല്ലശേരി, വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തുകളിൽ കഴിഞ്ഞദിവസം ഉണ്ടായ മഴയിൽ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇടിയഞ്ചിറയിലെ താത്കാലിക വളയം ബണ്ട് പൊട്ടിക്കുന്നതിൽ ഉദ്യോഗസ്ഥർ വരുത്തിയ വീഴ്ചയാണ് വലിയ വെള്ളക്കെട്ട് രൂപപ്പെടുന്നതിന് ഇടയാക്കിയതെന്നു യോഗം വിലയിരുത്തി. തണ്ണീർക്കായൽ മേഖലയിലും തിരുനെല്ലൂർ പാടംമേഖലയിലും നിരവധി കുടുംബങ്ങൾ വെള്ളക്കെട്ടിലായ വാർത്ത ദീപിക പ്രസിദ്ധീകരിച്ചിരുന്നു.
ഇടിയഞ്ചിറ റഗുലേറ്ററിന്റെ മുൻവശത്തും പിറകുവശത്തും നിർമിച്ചിട്ടുള്ള താൽക്കാലിക വളയം ബണ്ടുകൾ പൂർണമായി നീക്കംചെയ്താൽമാത്രമേ മുല്ലശേരി കനാലിൽനിന്നു പുഴയിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് സുഗമമാകുകയുള്ളൂ. കഴിഞ്ഞദിവസം നടന്ന ജില്ലാ വികസനസമിതി യോഗത്തിൽ മുരളി പെരുനെല്ലി എംഎൽഎ പ്രമേയംവഴി വിഷയം അവതരിപ്പിക്കുകയും പരിഹാരമുണ്ടാക്കാൻ നിർദേശം നൽകുകയും ചെയ്തെങ്കിലും ഇതുവരെയും ബണ്ട് പൂർണമായി നീക്കംചെയ്യാതിരുന്നതു വലിയ വീഴ്ചയാണെന്നു യോഗം വിലയിരുത്തി.
മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, വെങ്കിടങ്ങ്, മുല്ലശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കൊച്ചപ്പൻ വടക്കൻ, ദിൽന ധനേഷ്, ചാവക്കാട് തഹസിൽദാർ എം.കെ. കിഷോർ, മുല്ലശേരി ബിഡിഒ കെ.എസ്. സൂരജ്, വെങ്കിടങ്ങ്, മുല്ലശേരി വില്ലേജ് ഓഫീസർമാരായ സി.ആർ. പ്രിയ, പി.പി. പ്രവീൺകുമാർ, ഇറിഗേഷൻ എക്സി. എൻജിനീയർ പി. സിനി, അസി.എക്സി.എൻജിനീയർ പി.ബി. സുമ, മുല്ലശേരി കൃഷി അസി. ഡയറക്ടർ എ.പി. ദിവ, പാവറട്ടി എസ്ഐ കെ.ബി. സജീവൻ എന്നിവർ പങ്കെടുത്തു.