വിദ്യാർഥികളെ വരവേൽക്കാനൊരുങ്ങി സ്കൂളുകൾ;പ്രവേശനോത്സവം ഇന്ന്
1564197
Monday, June 2, 2025 1:19 AM IST
തൃശൂർ: വേനലവധിക്കുശേഷം വിദ്യാർഥികളെ വരവേൽക്കാനൊരുങ്ങി വിദ്യാലയങ്ങൾ. പുതിയ അധ്യയനവർഷത്തിനു തുടക്കംകുറിച്ചു വിദ്യാലയങ്ങളിൽ ഇന്നു പ്രവേശനോത്സവം നടക്കും.
ഈ വർഷത്തെ ജില്ലാതല പ്രവേശനോത്സവം പുത്തൂർ ജിവിഎച്ച്എസിൽ നടക്കും. രാവിലെ പത്തിനു മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അധ്യക്ഷനാകും. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപ്പറന്പിൽ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി, പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ തുടങ്ങിയവരും ജനപ്രതിനിധികൾ, അധ്യാപകർ, ഉദ്യോഗസ്ഥർ, വിദ്യാർഥികൾ പങ്കെടുക്കും.
കേരളത്തിലെ പൊതുവിദ്യാഭ്യാസം ലോകത്തിനു മാതൃകയാണെന്നും ഈ അധ്യയനവർത്തേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണംനടന്നെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.
ഒന്‍പതാംക്ലാസിലെ പരീക്ഷ കഴിയുന്നതിനുമുന്പ് പത്താംക്ലാസിലെ പാഠപുസ്തകങ്ങൾ വിതരണം ചെയ്തതു ചരിത്രമാണ്. ഓണപ്പരീക്ഷ കഴിഞ്ഞിട്ടും പാഠപുസ്തകങ്ങൾ ലഭിക്കാതിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു എന്നും അതു മാറ്റിയെടുത്തത് ഇടതുപക്ഷ സർക്കാരാണെന്നും മന്ത്രി പറഞ്ഞു.