മിനസോട്ടയിലെ ഹൈന്ദവ ക്ഷേത്രത്തിൽ അയ്യപ്പ പടിപൂജ നടന്നു
Tuesday, October 14, 2025 11:31 AM IST
മിനസോട്ട: അമേരിക്കൻ മണ്ണിൽ ശബരിമലയുടെ പവിത്രമായ ഓർമകളുണർത്തി മിനസോട്ടയിലെ ഹൈന്ദവ ക്ഷേത്രത്തിൽ നടന്ന അയ്യപ്പ പടിപൂജയും പതിനെട്ടാം പടിയുടെ വെള്ളി കവച സമർപ്പണവും മലയാളി ഭക്തർക്ക് ആത്മീയ നിർവൃതി നൽകി.
ചടങ്ങിൽ മിനസോട്ടയിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി അയ്യപ്പ ഭക്തർ പങ്കെടുത്തു. കേരളത്തിലെ ശബരിമല ധർമ്മശാസ്താ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ് പടിപൂജ.
പതിനെട്ട് പടികൾക്ക് അതീവ പ്രാധാന്യം നൽകിക്കൊണ്ട് നടത്തപ്പെടുന്ന ഈ ചടങ്ങ് മിനസോട്ട ക്ഷേത്രത്തിലെ അയ്യപ്പസന്നിധിയിൽ യഥാവിധി പുനഃസൃഷ്ടിക്കപ്പെട്ടപ്പോൾ വിശ്വാസികൾക്ക് അത് ഭക്തിസാന്ദ്രമായ ഒരു അനുഭവും ആയി.
ക്ഷേത്രത്തിലെ മുഖ്യശാന്തി മുരളി ഭട്ടരുടെയും മറ്റ് പൂജാരിമാരുടെയും നേതൃത്വത്തിൽ പ്രത്യേകമായി അലങ്കരിച്ച പതിനെട്ട് പടികളിൽ മന്ത്രോച്ചാരണങ്ങളോടെ പൂജകൾ നടന്നു. രാമനാഥൻ അയ്യരും ലീലാ രാമനാഥനും ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഓരോ പടികളെയും മനോഹരമായി പുഷ്പങ്ങൾ കൊണ്ടും ദീപങ്ങൾ കൊണ്ടും അലങ്കരിച്ചിരുന്നു. ഭക്തിയുടെ പ്രഭ ചൊരിഞ്ഞ ഈ ദൃശ്യം ഭക്തർക്ക് അവിസ്മരണീയമായ അനുഭവമായി. പടിപൂജക്ക് ശേഷം ലീലാ രാമനാഥനും സംഘവും ഭക്തിസാന്ദ്രമായ ഭജനയും നടത്തി. തുടർന്ന് എല്ലാ ഭക്തർക്കും പ്രസാദ വിതരണവും ഒരുക്കിയിരുന്നു.

മിനസോട്ടയിലെ ഹൈന്ദവ സമൂഹം, പ്രത്യേകിച്ച് മലയാളി സമൂഹം, തങ്ങളുടെ സാംസ്കാരികവും ആത്മീയവുമായ പാരമ്പര്യങ്ങൾ അമേരിക്കൻ മണ്ണിൽ നിലനിർത്തുന്നതിൽ ഈ ചടങ്ങുകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്.
പുതിയ തലമുറയ്ക്ക് ഹൈന്ദവ ആചാരങ്ങളെക്കുറിച്ച് മനസിലാക്കാനും പഠിക്കാനും ഇത്തരം പരിപാടികൾ അവസരം നൽകുന്നു. മിനസോട്ട ഹൈന്ദവ ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ നടന്ന ഈ ചടങ്ങ് പ്രവാസലോകത്ത് ഭക്തിയുടെയും ഐക്യത്തിന്റെയും ദീപം കെടാതെ സൂക്ഷിക്കുന്നു എന്നതിന്റെ സാക്ഷ്യമായി.