കേരള ഫെസ്റ്റ് നവംബർ എട്ടിന്; ദിവ്യ ഉണ്ണി മുഖ്യാതിഥി
ശങ്കരൻകുട്ടി
Monday, October 13, 2025 3:46 PM IST
ഷിക്കോഗോ: വിശ്വാസം, പൈതൃകം, ഐക്യം എന്നിവയുടെ സാംസ്കാരിക ആഘോഷമായ കേരള ഫെസ്റ്റ് 2025ന് സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് ഷിക്കോഗോ ആതിഥേയത്വം വഹിക്കുന്നു. നവംബർ എട്ട് വൈകുന്നേരം 5.30 മുതൽ ഒമ്പത് വരെ ഇലിനോയിലെ ബെൽവുഡിലുള്ള സീറോമലബാർ പാരിഷ് ഹാളിലാണ് ഫെസ്റ്റ് നടക്കുക.
സിനിമാ താരവും നർത്തകിയുമായ ദിവ്യ ഉണ്ണി മുഖ്യാതിഥിയായി പരിപാടി പങ്കെടുക്കും. പരിപാടിയിൽ ഷിക്കോഗോയിലെ മലയാളി സമൂഹത്തിൽ നിന്നുള്ള പ്രാദേശിക കലാകാരന്മാരുടെ സംഗീത, നൃത്ത പരിപാടികളും അരങ്ങേറും.
ഷിക്കോഗോയിൽ ഒരു പുതിയ സിഎസ്ഐ ക്രൈസ്റ്റ് ദേവാലയം സ്വന്തമാക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പിന് ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് കേരള ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഈ സ്വപ്നം ഷിക്കോഗോയെ തങ്ങളുടെ രണ്ടാമത്തെ വീടാക്കി മാറ്റിയ മലയാളികൾക്കിടയിലെ വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമാണെന്ന് പബ്ലിക് റിലേഷൻസ് കോഓർഡിനേറ്റർ ഷിബു കുര്യൻ അറിയിച്ചു.
വികാരി ഫാ.ജോ മലയിൽ (രക്ഷാധികാരി), സോമ ലുക്ലോസ് (ജനറൽ കൺവീനർ), സുധ കുര്യൻ (ഇവന്റ് കോഓർഡിനേറ്റർ), ബെൻ കുരിയൻ (ഫണ്ട് റൈസിംഗ് കോഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി പരിപാടിയിൽ പങ്കുചേരുന്നതിനും ദേവാലയ നിർമാണത്തിന് പിന്തുണ നൽകാനും എല്ലാവരും ക്ഷണിക്കുന്നതായി അറിയിച്ചു.