മാർത്തോമ്മാ യുവജനസഖ്യം കലാമേള മത്സര വിജയികളെ അഭിനന്ദിച്ചു
പി.പി. ചെറിയാൻ
Tuesday, October 14, 2025 12:34 PM IST
ഡാളസ്: മാർത്തോമ്മാ സൗത്ത് വെസ്റ്റ് റീജിയൺ കലാമേളയിൽ മികച്ച വിജയം കരസ്ഥമാക്കിയ ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയിൽ നിന്നുള്ള മത്സരാർഥികളെ അഭിനന്ദിച്ചു.
റീജിയണിലെ വിവിധ മാർത്തോമ്മാ ഇടവകകളിൽ നിന്നും പങ്കെടുത്ത അംഗങ്ങളുടെ മത്സരങ്ങളിൽ ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയിൽ നിന്നും പങ്കെടുത്ത ആൻഡ്രൂ അലക്സാണ്ടർ (പുരുഷ സോളോ ഒന്നാം സ്ഥാനം), ആഷ്ലി സുഷിൽ (ഇംഗ്ലിഷ് പ്രബന്ധം ഒന്നാം സ്ഥാനം), റെഷ്മ ജേക്കബ് (മലയാളം പ്രബന്ധം രണ്ടാം സ്ഥാനം), ക്വിസ് ടീം (മൂന്നാം സ്ഥാനം) എന്നിവർ കരസ്ഥമാക്കി.

കുർബാനയ്ക്ക് ശേഷം ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയിൽ നിന്നും കലാമേളയിൽ പങ്കെടുത്തു വിജയിച്ച മത്സരാർഥികളെ വികാരി റവ. റെജിൻ രാജു, റവ. എബ്രഹാം കുരുവിള എന്നിവർ ട്രോഫി നൽകി ആദരിച്ചു. മത്സരത്തിൽ പങ്കെടുത്ത ഇതര മത്സരാർഥികളെയും പരിശീലകരെയും റവ. മനു അഭിനന്ദിച്ചു. സെക്രട്ടറി സോജി സ്കറിയ നന്ദി പറഞ്ഞു.

ഈ മാസം 10ന് ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മാ ചർച്ചിലാണ് മാർത്തോമ്മാ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജിയൺ യുവജനസഖ്യം കലാമേള സംഘടിപ്പിച്ചത്. റീജിയൺ പ്രസിഡന്റ് റവ. റെജിൻ രാജു അധ്യക്ഷത വഹിച്ചു.