ജോർജ് തുമ്പയിലിന് ഇന്ത്യ പ്രസ് ക്ലബിന്റെ "പയനിയർ ഇൻ ജേണലിസം' അവാർഡ്
ജോർജ് ജോസഫ്
Tuesday, October 14, 2025 5:22 PM IST
ന്യൂജഴ്സി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ "പയനിയർ ഇൻ ജേണലിസം' അവാര്‍ഡ് പ്രശസ്ത മാധ്യമ പ്രവർത്തകൻ ജോര്‍ജ് തുമ്പയിലിനു പ്രമോദ് നാരായൺ എംഎൽഎ സമ്മാനിച്ചു.
ഇന്ത്യ പ്രസ് ക്ലബിന്റെ രാജ്യാന്തര കോൺഫറൻസിൽ എംപിമാരായ എൻ.കെ. പ്രേമചന്ദ്രൻ, വി.കെ. ശ്രീകണ്ഠൻ, നാട്ടിൽ നിന്ന് എത്തിയ പ്രമുഖ മാധ്യമ പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അവാർഡ് സമ്മാനിച്ചത്.
ദൃശ്യ, ശ്രാവ്യ, അച്ചടി മേഖലകളിലെല്ലാം സ്വന്തം തട്ടകമൊരുക്കി തുമ്പയിൽ ശ്രദ്ധേയനായിട്ട് 32 വർഷം പിന്നിടുന്നു. മുൻപുണ്ടായിരുന്ന വാര്‍ത്താവാരിക "മലയാളംപത്ര'ത്തിന്റെ നാഷണല്‍ കറസ്പോണ്ടൻഡ്, ഇപ്പോൾ ഇ-മലയാളി സീനിയര്‍ എഡിറ്റര്‍ എന്നിവയ്ക്ക് പുറമെ വിവിധ സംഘടനകളുടെ മീഡിയ ലയസണ്‍ ഓഫീസറും പബ്ലിക് റിലേഷന്‍സ് ഓഫിസറുമായി സേവനമനുഷ്ഠിക്കുന്നു.
സമയരഥമുരുളുന്ന പുണ്യഭൂമി (വിശുദ്ധനാടുകളിലേക്കുള്ള യാത്രാവിവരണം), ജന്മഭൂമിയുടെ വേരുകള്‍ തേടി (ഇന്ത്യന്‍ യാത്രാവിവരണം), ഒരു പിറന്നാളിന്റെ ഓര്‍മ്മയ്ക്ക് (എം.ടി വാസുദേവന്‍ നായരെക്കുറിച്ച്), ഭൂമിക്കുമപ്പുറത്തു നിന്ന് (ചെറുകഥ സമാഹരണം), ദേശാന്തരങ്ങള്‍ (യാത്രാവിവരണം) ഡി സി ബുക്ക്സ് കോവിഡ് കാലത്ത് പ്രസിദ്ധീകരിച്ച മുരളി തുമ്മാരുകുടിയുടെ "കൊറോണക്കാലത്തെ വീട്' എന്ന ഒരു അധ്യായമുള്ള പുസ്തകം എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2010 ൽ "ലാളിത്യത്തിന്റെ സങ്കീർണതകൾ', 2011 ൽ "പരിണാമഗാഥ', 2012/ 13ൽ 'അപ്പോസ്തോല വഴിയിലൂടെ ഒരു തീർഥയാത്ര', 2014ൽ "പ്രകൃതിയുടെ നിഴലുകൾ തേടി', 2015ൽ "പകൽക്കിനാവ്', 2017ൽ "ലൗഡ് സ്പീക്കർ' എന്ന പേരിലും തുടർച്ചയായി എഴുതി.
ഫൈന്‍ ആർട്ട്സ് മലയാളം ആര്‍ട്ട്സ് ക്ലബിന്റെ സ്ഥാപക സെക്രട്ടറി, പിന്നീട് മൂന്നുതവണ സെക്രട്ടറി, രണ്ട് തവണ പ്രസിഡന്റ്, ഇപ്പോൾ ചെയർമാൻ എന്നീ നിലകളിലും പ്രവര്‍ത്തിക്കുകയും നാടകാവതരണത്തില്‍ പങ്കാളിയാകുകയും ചെയ്യുന്നു.
അമേരിക്കയിലും കാനഡയിലും മലേഷ്യയിലും വിവിധ സ്റ്റേജുകളില്‍ നാടക അഭിനേതാവായി കെെയടി നേടുകയും ചെയ്തു. അമേരിക്കന്‍ മലയാളികളുടെ മാധ്യമകൂട്ടായ്മയുടെ തുടക്കം മുതല്ക്കുതന്നെ ജോര്‍ജിന്റെ സഹകരണമുണ്ട്.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ 2010-12 വര്‍ഷങ്ങളില്‍ നാഷനല്‍ ട്രഷററായിരുന്നു. സംഘടനയുടെ ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2008-2009 ല്‍ ന്യൂജഴ്സി കേരള അസോസിയേഷന്റെ മീഡിയ പബ്ലിക്കേഷന്‍സ് ലയസണ്‍ ഓഫീസറായിരുന്നു.
അതേവര്‍ഷം തന്നെ ന്യൂജഴ്സി എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്റെ പിആര്‍ഒയുമായിരുന്നു. അമേരിക്കന്‍ ഭദ്രാസന ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഫാമിലി കോണ്‍ഫറന്‍സിന്റെയും മാധ്യമ പ്രതിനിധിയായി 2009 മുതല്‍ പ്രവര്‍ത്തിച്ചുവരുന്നു.
പുരസ്കാരങ്ങളും അവാര്‍ഡുകളും നിരവധി തവണ ജോര്‍ജിനെ തേടിയെത്തി. മികച്ച ന്യൂസ് റിപ്പോര്‍ട്ടിങ്ങിന് ആദ്യമായി ന്യൂജഴ്സി കേരള കള്‍ച്ചറല്‍ ഫോറം 1994ല്‍ പുരസ്കാരം നല്കി. മികച്ച അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന് ഫൊക്കാനയുടെ പുരസ്ക്കാരം 1994ലും 1996ലും ലഭിച്ചിട്ടുണ്ട്.
മികച്ച വികസനാത്മക റിപ്പോര്‍ട്ടിനുള്ള പുരസ്ക്കാരവും ഈ വര്‍ഷങ്ങളില്‍ ഫൊക്കാനയില്‍ നിന്നും ലഭിച്ചു. "ഈ മലയാളി' അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ ഫോറത്തിന്റെ മികച്ച പെര്‍ഫോമന്‍സിനുള്ള 2003ലെ പുരസ്കാരമാണ് ശ്രദ്ധേയമായ മറ്റൊന്ന്.

പുറമേ ഇന്ത്യ കാത്തലിക് അസോസിയേഷന്റെ മികച്ച ലേഖനത്തിനുള്ള അവാര്‍ഡും ആ വര്‍ഷം തന്നെ ലഭിച്ചത് നേട്ടമായി. തുടര്‍ന്ന് ഇതേ പുരസ്കാരം 2004ല്‍ ഫൊക്കാനയില്‍ നിന്നും ലഭിച്ചു. ഫോമ, നാമം എന്നീ സംഘടനകളും പുരസ്ക്കാരം നല്കി ആദരിച്ചിട്ടുണ്ട്.
2006 ല്‍ അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ സാഹിത്യസംഭാവനകള്‍ക്ക് ഫൊക്കാനയില്‍ നിന്നുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി. രണ്ട് തവണ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിന്റെ ജനറൽ സെക്രട്ടറിയായി റവ .ഡോ . വർഗീസ് എം ഡാനിയേലിനോടൊപ്പവും പ്രവർത്തിച്ചു.
മൗണ്ട് ഒലിവ് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ കൈക്കാരൻ ആയി രണ്ട് തവണ, സെക്രട്ടറി ആയി ആറ് തവണയും (ഇത്തവണയും സെക്രട്ടറി) സേവനമനുഷ്ഠിച്ചു. 2008ല്‍ മികച്ച ലേഖനങ്ങള്‍ക്കും മികച്ച മ്യൂസിക്കല്‍ ആല്‍ബത്തിനും ഫോമ അവാര്‍ഡുകള്‍ നല്കി ആദരിച്ചു.
യാത്രാനുഭവങ്ങള്‍ തേടി ഓസ്ട്രേലിയ, ന്യൂസീലന്‍ഡ്, ബ്രസീല്‍, സിംഗപ്പൂര്‍, മലേഷ്യ, ജർമനി, നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം, ടര്‍ക്കി, ഗ്രീസ്, ഇസ്രയേല്‍, ഇറ്റലി, വത്തിക്കാന്‍, ജോര്‍ദാന്‍, ഈജിപ്ത്, കോസ്റ്റാറിക്കാ, യുഎഇ, കുവൈറ്റ്, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ജമൈക്ക, മെക്സിക്കോ , ഗ്വാട്ടിമാല, പാനമ, എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
ഏറെക്കാലം സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്നതു കൊണ്ട് ഒട്ടുമിക്ക ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാനായി. കേരള ഗവണ്മെന്റ്, ഇന്ത്യന്‍ ടൂറിസം ഡിപ്പാര്‍ട്ട്മെന്റ് എന്നിവരുടെ പ്രത്യേക ക്ഷണിതാവായി ഇന്ത്യ ഒട്ടാകെ സന്ദര്‍ശിച്ചു.
നാലായിരത്തിലേറെ പേര് ജോലി ചെയ്യുന്ന ന്യൂവാര്‍ക്ക് ബെത്ത് ഇസ്രയേല്‍ മെഡിക്കല്‍ സെന്ററിലെ എംപ്ലോയ് ഓഫ് ദി മംത്, കോര്‍വാല്യു അവാര്‍ഡ് ജേതാവ്, ഡിപ്പാര്‍ട്ട്മെന്റ് വിഷണറി അവാര്‍ഡ് ജേതാവ് മാനേജര്‍ ഓഫ് ദി മംത് ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. റെസ്പിറേറ്ററി ഡിപ്പാര്‍ട്ട്മെന്റിലെ അസിസ്റ്റന്റ് ഡയറക്ടറായി സേവനമനുഷ്ഠിച്ച് കഴിഞ്ഞ വർഷം റിട്ടയർ ചെയ്തു.
ബെര്‍ഗന്‍ കൗണ്ടി കമ്യൂണിറ്റി കോളജില്‍ 16 വർഷം അഡ്ജങ്ക്റ്റ് ഫാക്കല്‍റ്റി അംഗവുമായിരുന്നു. ബെർഗൻ കമ്യൂണിറ്റി കോളജ്, മോറിസ് കൗണ്ടി കോളജ് എന്നിവിടങ്ങളിൽ അഡ്വൈസറി ബോർഡ് അംഗവുമായിരുന്നു. ഭാര്യ ഇന്ദിര ന്യൂവാര്‍ക്ക് ബെത്ത് ഇസ്രയേല്‍ മെഡിക്കല്‍ സെന്ററില്‍ നഴ്സ് പ്രാക്ടീഷണർ ആയി റിട്ടയർ ചെയ്തു.
മകന് ബ്രയന്‍ ഷിക്കാഗോയിൽ എൻജിനീയര്‍. മകള്‍ ഷെറിന് ഫിസിഷ്യനും കനക്ടികട്ട് യേൽ സ്കൂൾ ഓഫ് മെഡിസിനിൽ അസി. പ്രഫസറും റെസ്പിറേറ്ററി സ്ലീപ് മെഡിസിൻ ഉപമേധാവിയുമാണ്. മരുമകന് ജയ്സണ്‍ അക്കൗണ്ടന്റ്. രണ്ട് കൊച്ചുമക്കളുമുണ്ട്.