സൗത്ത് കാരോലിനയിൽ അഞ്ചാംപനി: 153 പേർ ക്വാറന്റീനിൽ
പി.പി. ചെറിയാൻ
Wednesday, October 15, 2025 6:26 AM IST
സൗത്ത് കാരോലിന: സൗത്ത് കാരോലിനയിലെ വടക്കൻ പ്രദേശങ്ങളായ സ്പാർട്ടൻബർഗ്, ഗ്രീൻവിൽ എന്നിവിടങ്ങളിൽ അഞ്ചാംപനി(മീസിൽസ്) വ്യാപിക്കുന്നു. ഇതുവരെ എട്ട് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.
ഇതിൽ ഏഴ് കേസുകൾ പ്രാദേശികമായും എട്ടാമത്തെ കേസ് ഗ്രീൻവില്ലിൽ സ്ഥിരീകരിക്കുകയും ചെയ്തു. സ്പാർട്ടൻബർഗിലെ രണ്ട് സ്കൂളുകളിലായി 153 പേർ ക്വാറന്റീനിൽ കഴിയുകയാണ്. ഇവർക്ക് വൈറസ് ബാധിച്ചേക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.
വാക്സീൻ എടുക്കാത്ത കുട്ടികളാണ് ഇവരിലേറെയും. ആരോഗ്യ മുൻകരുതലുകൾ കണക്കിലെടുത്ത് 21 ദിവസത്തേക്ക് ഇവരെ സ്കൂളിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ട്.പകർച്ചവ്യാധിയായ അഞ്ചാംപനി, വാക്സീൻ എടുക്കാത്തവരിൽ 90 ശതമാനം പേർക്ക് വരെ പടരാൻ സാധ്യതയുണ്ട്.
ഈ വർഷം മാത്രം അമേരിക്കയിൽ 1,563 മീസിൽസ് കേസുകളും മൂന്നു മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രാദേശിക തലത്തിൽ രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ, വാക്സീനെടുക്കാത്തവരും രോഗലക്ഷണങ്ങളുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.