ട്രംപിന്റെ അപ്രൂവൽ റേറ്റിംഗ് ഉയരുന്നതായി സർവേ ഫലങ്ങൾ
ഏബ്രഹാം തോമസ്
Wednesday, October 15, 2025 12:49 PM IST
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അപ്രൂവൽ റേറ്റിംഗ് ഉയരുന്നതായി ചില സർവേകൾ പറഞ്ഞു. ഗാസയിലെ സമാധാനകരാറിന് ശേഷം ദേശീയ തലത്തിൽ നടത്തിയ സർവേകളിലാണ് താഴേക്ക് പൊയ്ക്കൊണ്ടിരുന്ന അനുകൂല അഭിപ്രായങ്ങളുടെ ഗ്രാഫ് ട്രംപ് മെച്ചപ്പെടുത്തിയത്.
സമാധാന കരാറാണ് ഈ മാറ്റത്തിനു കാരണം എന്ന് വിലയിരുത്തുവാൻ വരട്ടെ, കാത്തിരുന്ന് ഒരു നിഗമനത്തിലെത്താം എന്ന് ട്രംപിനെ അനുകൂലിക്കാത്ത നിരീക്ഷകർ പറയുന്നുണ്ടെങ്കിലും ഇത്ര അധികം എതിർപ്പുകൾ നേരിടുമ്പോഴും തന്റെ പരിശ്രമങ്ങൾ തുടർന്ന് വിജയത്തിലെത്തിക്കുവാൻ ട്രംപിന് കഴിഞ്ഞു എന്ന് ഭൂരിപക്ഷം നിരീക്ഷകരും പറയുന്നു.
ഒരു ഡീൽമേക്കർ എന്ന വിശേഷണം തനിക്കു അർഹതപ്പെട്ടതാണ് എന്ന് ട്രംപ് വീണ്ടും തെളിയിച്ചു. ലോക രാഷ്ട്രീയ രംഗത്ത് തന്റെ ഇമേജ് ഒന്ന് കൂടി ഉയർത്തുവാൻ ട്രംപിന് കഴിഞ്ഞു എന്ന കാര്യത്തിൽ സംശയമില്ല.
ട്രംപിന്റെ അപ്രൂവൽ റേറ്റിംഗ് ഉയരുന്നതിനു മറ്റു ചിലർ നൽകുന്ന വ്യാഖ്യാനം അമേരിക്കൻ വോട്ടർമാർ ഇന്റർനാഷണൽ ഡിപ്ലോമസിയിൽ അദ്ദേഹത്തിന്റെ റോളിന് കൂടുതൽ അംഗീകാരം നൽകുന്നു എന്നതാണ്. നിർണായകമായ 2026ലെ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയെയും ട്രംപിനെയും വിശ്വാസ്യമായി കൂടുതൽ പേർ കരുതും എന്നൊരു നിരീക്ഷണവും ഉണ്ടായിട്ടുണ്ട്.
ഒക്ടോബര് 10 മുതൽ 12 വരെ നടത്തിയ മോർണിംഗ് കൺസൾട് സർവേയിൽ ട്രംപിന്റെ അപ്രൂവൽ +8 ആയി ഉയർന്നു. ഒക്ടോബർ മൂന്ന് മുതൽ അഞ്ച് വരെ നടത്തിയ സർവേയിൽ ഇത് +3 മുതൽ +5 വരെ ആയിരുന്നു (ഗാസ ഉടമ്പടിക് മുമ്പ്).
റാസ്മുസെൻ റിപോർട്സും -10ൽ നിന്ന് -7 ലേക് അപ്പ്രൂവൽ റേറ്റിംഗ് ഉയർന്നതായി പറഞ്ഞു. ഈ സർവേകളിൽ നെഗറ്റീവ് റിപ്പോർട്ടുകളാണ് ഇതുവരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഒരു ആർഎംജി സർവേയിൽ ട്രംപ് + 3 ആയി തുടരുന്നതായി പറഞ്ഞു.
പൊതു ജനങ്ങളുടെ അഭിപ്രായം ക്രോഡീകരിക്കുന്നതിനു മുൻപാണ് ഈ ഫലം. ഇത് ഒക്ടോബർ ഒന്ന് മുതൽ ഒമ്പത് വരെ നടത്തിയ സർവേയുടെ ഫലമാണ്. ന്യൂസ്വീക് സർവേ ഒരു ചെറിയ നേട്ടം രേഖപ്പെടുത്തി -8ൽ നിന്ന് ഒരു പോയിന്റ് ഉയർന്നു -7 ആയി എന്ന് പറഞ്ഞു.
ട്രംപിന്റെ സമാധാന നിർദേശത്തിൽ 20 പോയിന്റുകളാണ് മുൻപോട്ടു വച്ചിരുന്നത്. ഇസ്രയേലും ഹമാസും തമ്മിൽ 2023 ഒക്ടോബർ ഏഴിനു ആരംഭിച്ച യുദ്ധത്തിന് വിരാമം ഉണ്ടാവുക എന്നതായിരുന്നു ആദ്യ ഘട്ടം.
ഇതനുസരിച്ചു ഹമാസ് ഗാസയിൽ യുദ്ധ തടവുകാരായി വച്ചിരുന്ന ഇസ്രായേലി കളെയും പകരം ഇസ്രേലികൾ തടവിൽ വച്ചിരുന്ന 2000 ഓളം പലെസ്ടിനികളെയും വിട്ടയക്കുവാൻ രണ്ടു കക്ഷികളും സമ്മതം നൽകിയിരുന്നു.
ഈ ഉടമ്പടി ശരം എൽ ഷെയ്ഖ് ഉച്ചകോടിയിൽ ഒക്ടോബർ 13നു ഈജിപ്തിന്റെയും ഖത്തറിന്റെയും അനവധി യൂറോപ്യൻ ഗവൺമെന്റുകളുടെയും പിൻതുണയോടെയും ആണ് ഉണ്ടാക്കിയത്. ഇതിൽ ഇടനിലക്കാരനായി ട്രംപ് പ്രവർത്തിച്ചു.
ട്രംപ് ആദ്യം ഇത് മധ്യ പൂർവ പ്രദേശത്തെ സമാധാനത്തിന്റെ പുതു പിറവിയായി വിശേഷിപ്പിച്ചു. ആദ്യം മടിച്ചു നിന്നെങ്കിലും പിന്നീട് നിർണായകമായ ആദ്യ ചുവടു വയ്പായി വിദേശ രാഷ്ട്രങ്ങൾ വിശേഷിപ്പിച്ചു.
അഭിപ്രായ സർവേകളിൽ നിന്ന് വ്യക്തമായത് 54 ശതമാനം അമേരിക്കക്കാർ ഈ ഉടമ്പടിയെ പിന്തുണക്കുന്നു എന്നാണ്. ഒക്ടോബര് ഒമ്പതിനു നടത്തിയ യു ഗവ. പോളിൽ 54 ശതമാനം പേരും സമാധാന പദ്ധതിയുടെ ഒന്നാം ഘട്ടത്തെ അനുകൂലിച്ചു. 34 ശതമാനം പേർ ട്രംപ് ഈ ഉടമ്പടിയിൽ നിർണായക പങ്കുവഹിച്ചു എന്ന് സമ്മതിച്ചു.
വടക്കൻ ഗാസയിൽ ഇസ്രായേലി സേനകൾ യുദ്ധം തുടരുന്നതായി ആരോപണം ഉണ്ടായി. ഹമാസ് സേനകൾ പല ഭാഗങ്ങളിലേക്കു മാറി നില ഉറപ്പിച്ചതായും റിപോർട്ടുകൾ പറഞ്ഞു. സഹായം എത്തിക്കുന്ന സംഘടനകൾ ഗാസയിൽ ഇപ്പോഴും ഒരു ഹ്യുമാനിറ്റേറിയൻ ക്രൈസിസ് ഉണ്ടെന്നു പറഞ്ഞു.
ഇന്റർനാഷണൽ കമ്മിറ്റി ഓഫ് ദ റെഡ് ക്രോസ് തടവിലാക്കിയിരുന്നവരെയോ അവരുടെ ശരീര അവശിഷ്ടങ്ങളെയോ കണ്ടെത്തുന്നത് ഒരു വലിയ വെല്ലുവിളി ആണെന്ന് പറഞ്ഞു. ഹമാസിന്റെ നിരായുധീകരണം, സർവവ്യാപിയായ നശീകരണം, ഗാസയുടെ ഭരണം തുടങ്ങിയവ ഇപ്പോഴും പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളായി തുടരുകയാണെന്ന് പറഞ്ഞു.