ഇന്ത്യ പ്രസ് ക്ലബിന്റെ വിമൻ എംപവർമെന്റ് അവാർഡ് ആശ തോമസ് മാത്യുവിന്
Wednesday, October 15, 2025 7:22 AM IST
ന്യൂജഴ്സി: വനിതാ നേതൃത്വത്തെയും സാമൂഹിക പങ്കാളിത്തത്തെയും പുതിയ ഉയരങ്ങളിലെത്തിച്ച ആശ തോമസ് മാത്യുവിന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) ഈ വർഷത്തെ വിമൻ എംപവർമെന്റ് അവാർഡ്.
എഡിസണിലെ ഷെറാട്ടൺ ഹോട്ടലിൽ നടന്ന 11ാം അന്താരാഷ്ട്ര മീഡിയ കോൺഫറൻസിന്റെയും അവാർഡ് നൈറ്റിന്റെയും വേദിയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി. അവാർഡ് സമ്മാനിച്ചു.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ജോയിന്റെ സെക്രട്ടറിയായും, ഫോമാ വിമൻസ് ഫോറത്തിന്റെ സെക്രട്ടറിയായും ഒരേസമയം സ്തുത്യർഹമായ പ്രവർത്തനമാണ് ഈ വനിതാരത്നം കാഴ്ചവയ്ക്കുന്നത്. രണ്ട് പ്രമുഖ സംഘടനകളുടെ ദേശീയ എക്സിക്യൂട്ടീവ് ബോർഡുകളിൽ ഒരേസമയം സേവനമനുഷ്ഠിക്കുന്ന അപൂർവ ബഹുമതി.
ടിവി ആങ്കറും പ്രോഗ്രാം പ്രൊഡ്യൂസറുമായ ആശ തോമസ് മാത്യുവിന്റെ മാധ്യമജീവിതം സമർപ്പണത്തിന്റെയും സൃഷ്ടിപരതയുടെയും ഉദാഹരണമാണ്. കൈരളി ടിവിയിൽ ന്യുസ് ആങ്കറായ ആശ, നേരത്തെ ഏഷ്യാനെറ്റിൽ അമേരിക്കൻ കാഴ്ച എന്ന പരമ്പരയുടെ ആങ്കറും കണ്ടന്റ് ക്രിയറ്ററുമായും പ്രവർത്തിച്ചു.
വനിതകളുടെ വളർച്ചയ്ക്കും പങ്കാളിത്തത്തിനും വേണ്ടിയുള്ള നിരവധി പദ്ധതികൾക്ക് അവർ നേതൃത്വം നൽകി. വനിതാ ശാക്തീകരണത്തിന് പ്രായോഗിക ദിശയും പുതിയ അവസരങ്ങളുമൊരുക്കാൻ അവർ എക്കാലവും ശ്രദ്ധചെലുത്തിയിട്ടുണ്ട്.