ഐപിസിഎൻഎയുടെ മികച്ച സംഘടനയ്ക്കുള്ള പുരസ്കാരം കരസ്ഥമാക്കി മാഗ്
സുജിത്ത് ചാക്കോ
Wednesday, October 15, 2025 12:12 PM IST
ഹൂസ്റ്റൺ: വടക്കേ അമേരിക്കയിലെ ഏറ്റവും മികച്ച മലയാളി സംഘടനക്കുള്ള 2025ലെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക(ഐപിസിഎൻഎ) പുരസ്കാരം കരസ്ഥമാക്കി മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്).
ന്യൂജഴ്സിയിലെ എഡിസൺ നഗരത്തിൽ ഷെറാട്ടൺ ഹോട്ടലിൽ നടന്ന ഐപിസിഎൻഎ 11-ാമത് ത്രിദിന അന്താരാഷ്ട്ര സമ്മേളനത്തിൽ വച്ചായിരുന്നു അവാർഡ് നൽകി ആദരിച്ചത്. സാമൂഹ്യ സാംസ്കാരിക കായിക ആരോഗ്യ രംഗങ്ങളിൽ ഉള്ള മികച്ച സംഭാവനകളാണ് അവാർഡിനർഹം ആക്കിയത്.
പ്രസിഡന്റ് ജോസ് കെ. ജോൺ, സെക്രട്ടറി രാജേഷ് കെ. വർഗീസ്, ട്രഷറർ സുജിത്ത് ചാക്കോ, സ്പോർട്സ് കോഓർഡിനേറ്റർ മിഖായേൽ ജോയ്, ട്രസ്റ്റി ബോർഡ് അംഗം അനിൽ ആറന്മുള, മുൻ വൈസ് പ്രസിഡന്റ് സൈമൺ വാളാച്ചേരിൽ എന്നിവർ കൊല്ലം എംപി എം.കെ. പ്രേമചന്ദ്രനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.
ഈ ബഹുമതി മാഗിന്റെ ബോർഡ് അംഗങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്. പുരസ്കാരം എല്ലാ അംഗങ്ങൾക്കുമായി സമർപ്പിക്കുന്നതായി പ്രസിഡന്റ് ജോസ് കെ. ജോൺ പറഞ്ഞു.

പാലക്കാട് എംപി വി.കെ. ശ്രീകണ്ഠൻ, റാന്നി എംഎൽഎ പ്രമോദ് നാരായണൻ, മാധ്യമപ്രവർത്തകരായ ജോണി ലൂക്കോസ്, ഹാഷ്മി താജ് ഇബ്രാഹിം, ലീൻ ബി. ജെസ്മസ്, സുജയ പാർവതി, അബ്ജോത് വർഗീസ്, മോത്തി രാജേഷ്, ഐപിസിഎൻഎ നാഷണൽ പ്രസിഡന്റ്സുനിൽ ട്രൈസ്റ്റാർ, നാഷണൽ സെക്രട്ടറി ഷിജോ പൗലോസ്, നാഷണൽ ട്രഷറർ വിശാഖ് ചെറിയാൻ, നാഷണൽ വൈസ് പ്രസിഡന്റ് അനിൽ കുമാർ ആറന്മുള എന്നിവർക്കൊപ്പം മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അഡ്വൈസറി ബോർഡ് അംഗങ്ങളും സാമൂഹ്യ സാംസ്കാരിക രംഗത്തെ മറ്റ് പ്രമുഖരും സന്നിഹിതരായിരുന്നു.
1987ൽ ആരംഭിച്ച മാഗ് അമേരിക്കയിലെ ഏറ്റവും പഴക്കമുള്ള മലയാളി സംഘടനകളിൽ ഒന്നാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ സാമൂഹ്യ സാംസ്കാരിക കായിക രംഗങ്ങളിൽ നടത്തുന്ന സേവനങ്ങൾ ചെറുതല്ല.
ദേശാഭിമാനം ഉയർത്തിപ്പിടിക്കുന്ന ആഘോഷങ്ങൾക്കൊപ്പം ക്രിക്കറ്റ്, ഫുട്ബോൾ, ചെസ്, ബാഡ്മിന്റൺ മുതലായ കായിക മത്സരങ്ങളിലൂടെ കായികരംഗത്ത് നടത്തുന്ന ഇടപെടലുകളും പ്രോത്സാഹനങ്ങളും മാഗിന്റെ പ്രവർത്തനങ്ങളെ വേറിട്ടു നിർത്തുന്നു.

തുടർച്ചയായി ഹെൽത്ത് ഫെയർ, ബ്ലഡ് ഡ്രൈവ് എന്നിവ നടത്തുന്നതിലൂടെ ആരോഗ്യ രംഗത്തെ പ്രതിബദ്ധതയും മുഖമുദ്രയാണ്. ഓണം ക്രിസ്മസ് മുതലായ സാംസ്കാരിക ആഘോഷങ്ങൾക്കൊപ്പം പാസ്പോർട്ട് ഫെയർ ടാക്സ് ഇൻഷുറൻസ് സംബന്ധിച്ച സെമിനാറുകളും ആരോഗ്യ സെമിനാറുകളും വർഷാവർഷം നടത്താറുണ്ട്.
ഈ വർഷം ഏതാണ്ട് 27 ഓളം പരിപാടികൾ സംഘടിപ്പിച്ചു കഴിഞ്ഞു. വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് വീട് നഷ്ടപ്പെട്ട ഒരു കുടുംബത്തിന് ഏഴര ലക്ഷം രൂപ ചെലവിൽ വയനാട്ടിലെ പുൽപ്പള്ളിയിൽ വീടിന്റെ പണി പൂർത്തിയായി വരുന്നു. സ്ഥിരതയുള്ള പ്രവർത്തനങ്ങളും ഇടപെടലുകളും ആണ് മാഗിനെ ഈ അവാർഡിന് അർഹയാക്കിയത്.