കോന്നി: കോന്നിയിലെ ജനകീയ വിഷയങ്ങളിലൂടെ എൽഡിഎഫ് സ്ഥാനാർഥി തോമസ് ഐസക്കിന്റെ പര്യടനം. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഇന്നലെ സ്ഥാനാർഥിക്ക് വൻ വരവേല്പാണ് ലഭിച്ചത്.
രാവിലെ വള്ളിക്കോട് പഞ്ചായത്തിലെ നരിയാപുരത്ത് മന്ത്രി വീണാ ജോർജ് പര്യടനം പരിപാടി ഉദ്ഘാടനം ചെയ്തു. എസ്. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രമാടം, കോന്നി, അരുവാപ്പുലം, മലയാലപ്പുഴ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലൂടെ പര്യടനം വൈകുന്നേരം വെട്ടൂരിൽ സമാപിച്ചു. പുഷ്പങ്ങളും പുസ്തകങ്ങളും പച്ചക്കറികളും കാർഷിക വിളകളും നൽകിയാണ് സ്ഥാനാർഥിയെ വരവേറ്റത്. എൽഡിഎഫ് നേതാക്കളായ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കെ.യു. ജനീഷ്കുമാർ എംഎൽഎ, പി.ജെ. അജയകുമാർ, പി.ആർ. ഗോപിനാഥൻ, ശ്യാംലാൽ, രാജു നെടുവംപുറം, സോമൻ പാമ്പായിക്കോട്, എസ്. ആസാദ്, സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
പര്യടനം ആറന്മുളയിൽ
പത്തനംതിട്ട: എൽഡിഎഫ് സ്ഥാനാർഥി ഡോ. തോമസ് ഐസക് ഇന്ന് ആറന്മുള മണ്ഡലത്തിൽ പര്യടനം നടത്തും. രാവിലെ മെഴുവേലി പഞ്ചായത്തിലെ ഇലവുംതിട്ടയിൽനിന്ന് ആരംഭിക്കുന്ന പര്യടനം മാത്യു ടി. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ആറന്മുള, കുളനട, ചെന്നീർക്കര, ഓമല്ലൂർ, പത്തനംതിട്ട നഗരസഭ, ഇലന്തൂർ, മല്ലപ്പുഴശേരി, കോഴഞ്ചേരി, തോട്ടപ്പുഴശേരി, കോയിപ്രം, ഇരവിപേരൂർ പഞ്ചായത്തുകളിലൂടെ വൈകുന്നേരം വള്ളംകുളം നന്നൂരിൽ സമാപിക്കും.