സ്റ്റാർട്ടപ്പുകളുടെ മെച്ചപ്പെടുത്തലിന് സഹായം വർധിപ്പിക്കും: മന്ത്രി പി.രാജീവ്
Thursday, September 29, 2022 12:26 AM IST
തിരുവനന്തപുരം: കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് പ്രവർത്തനപുരോഗതി കൈവരിക്കാൻ (സ്കെയിൽ അപ്) കെഎസ്ഐഡിസി വഴി നൽകുന്ന ധനസഹായം 50 ലക്ഷം രൂപയിൽ നിന്ന് ഒരു കോടി രൂപയാക്കുമെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. സ്റ്റാർട്ടപ്പുകൾക്കായി കെഎസ്ഐഡിസി സംഘടിപ്പിച്ച സ്കെയിൽ അപ് കോണ്ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ ഇന്ന് വ്യവസായങ്ങൾക്ക് അനുകൂലമായ എല്ലാ സാഹചര്യങ്ങളുമുണ്ട്. ഇതുപയോഗിക്കാൻ സ്റ്റാർട്ടപ്പുകൾ തയാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പുതുതായി തുടങ്ങുന്ന സംരംഭങ്ങളിൽ മുപ്പതു ശതമാനം പൂട്ടിപ്പോകുന്നുവെന്നാണ് കണക്ക്.
ഈ നിരക്ക് കുറച്ചുകൊണ്ടുവരാനാണ് സർക്കാരിന്റെ ശ്രമം. സ്റ്റാർട്ടപ്പുകളെ സഹായിക്കാനായി വിദഗ്ധ സംഘത്തെ കെഎസ്ഐഡിസി തയാറാക്കും. നിർമാണമേഖലയ്ക്ക് പ്രാധാന്യം നൽകി നവംബറിൽ കൊച്ചിയിൽ സ്റ്റാർട്ടപ് സംഗമം നടത്തുമെന്നും മന്ത്രി പറഞ്ഞു.
വ്യവസായ വകുപ്പ് ആരംഭിച്ച ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന പരിപാടിയിൽ ആറുമാസംകൊണ്ട് 61,350 സംരംഭങ്ങൾ തുടങ്ങാനായെന്നും ഇതിലൂടെ 1,35,000ത്തിൽപരം ആളുകൾക്ക് ജോലി ലഭിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കെൽട്രോണുമായി ചേർന്ന് ആയിരംകോടി രൂപ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിക്കായി പദ്ധതിരേഖ തയാറാക്കിവരികയാണ്. ഏഷ്യയിലെ ഏറ്റവും വലിയ ബ്ലഡ്ബാഗ് നിർമാണ കന്പനിയും കൃത്രിമ പല്ല് നിർമാണ കന്പനിയും ഉൾപ്പെടെ ആഗോളതലത്തിൽ പ്രധാനപ്പെട്ട ധാരാളം കന്പനികൾ ഇന്ന് കേരളത്തിൽ വിജയകരമായി പ്രവർത്തിച്ചുവരുന്നുണ്ട്.
ഐടി മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് നൽകുന്ന ആനുകൂല്യങ്ങളും സഹായങ്ങളും ഐടി ഇതര സ്റ്റാർട്ടപ്പുകൾക്കും നൽകുകയെന്നതാണ് സർക്കാർ നയമെന്ന് അദ്ദേഹം പറഞ്ഞു.
കെഎസ്ഐഡിസിയുടെ സ്റ്റാർട്ടപ് സാന്പത്തിക പദ്ധതിയിൽ സഹായം ലഭിച്ച കന്പനികളിൽ കൂടുതൽ വിജയകരമായി പ്രവർത്തിച്ചുവരുന്ന ആറു കന്പനികൾക്കുള്ള അച്ചീവ്മെന്റ് അവാർഡും ഈ വർഷം വായ്പ അനുവദിച്ചിട്ടുള്ള ഏഴു കന്പനികൾക്കുള്ള അനുമതിപത്രവും പരിപാടിയിൽ മന്ത്രി രാജീവ് വിതരണം ചെയ്തു.